ജയ്പൂർ: കള്ളന്മാരിൽനിന്ന് പണം സുരക്ഷിതമായി സൂക്ഷിക്കാനാണ് പലരും ബാങ്കിനെ ആശ്രയിക്കുന്നത്. എന്നാൽ രാജസ്ഥാനിലെ ഒരു കർഷകൻ അഞ്ചുലക്ഷം രൂപ ബാങ്കിലിടുന്നതിന് പകരം കൃഷിയിടത്തിൽ കുഴിച്ചിടുകയായിരുന്നു. ഒരു വർഷത്തിന് ശേഷം ആ പണം കണ്ടെത്തിയപ്പോൾ കർഷകനും കുടുംബത്തിനും ലഭിച്ചത് ഞെട്ടിക്കുന്ന കാഴ്ച. ചിതലുകൾ തിന്ന് നശിച്ച നോട്ടുകളുടെ അവശിഷ്ടങ്ങളാണ് ബാഗിനുള്ളിൽ ഉണ്ടായിരുന്നത്.
രാജസ്ഥാനിലെ ബാലോത്ര ജില്ലയിലെ പച്പദ്ര സ്വദേശിയായ മംഗിലാൽ മേഘ്‌വാളിനാണ് ഈ ദുരനുഭവം. ഒരു വർഷം മുൻപ് ഒരു സ്ഥലം വിറ്റതിലൂടെ ലഭിച്ച അഞ്ചുലക്ഷം രൂപയാണ് അദ്ദേഹം കൃഷിയിടത്തിൽ ഒളിപ്പിച്ചത്. ഈ പണം ഉപയോഗിച്ച് ഫാമിൽ ഒരു മുറി നിർമിക്കാനായിരുന്നു മംഗിലാലിന്റെ പദ്ധതി.
എന്നാൽ പണം വീട്ടിൽ സൂക്ഷിച്ചാൽ മോഷണം പോകുമെന്ന ഭയവും കുടുംബാംഗങ്ങൾ പണം ചെലവഴിച്ചുകളയുമെന്ന ആശങ്കയും മംഗിലാലിനുണ്ടായിരുന്നു. ഇതോടെ ആരോടും പറയാതെ പണം കൃഷിയിടത്തിൽ തന്നെ ഒളിപ്പിക്കാൻ തീരുമാനിച്ചു.
ഒരു രാത്രിയിൽ അഞ്ചുലക്ഷം രൂപയും പോളിത്തീൻ ബാഗിലാക്കി. തുടർന്ന് കൃഷിയിടത്തിൽ ഒരു കുഴിയെടുത്ത് ബാഗ് അതിനുള്ളിൽ ഒളിപ്പിച്ചു. എന്നാൽ മദ്യപിച്ചിരുന്ന മംഗിലാൽ പണം കുഴിച്ചിട്ട കൃത്യമായ സ്ഥലം പിന്നീട് ഓർമയിൽനിന്ന് നഷ്ടപ്പെട്ടു.
ഫാമിൽ മുറി നിർമിക്കാനുള്ള സമയമായപ്പോൾ പണം ആവശ്യമായി വന്നു. അപ്പോഴാണ് താൻ എവിടെയാണ് പണം കുഴിച്ചിട്ടതെന്ന് മംഗിലാലിന് ഓർമയില്ലെന്ന് മനസ്സിലായത്. തുടർന്ന് ദിവസങ്ങളോളം കൃഷിയിടം മുഴുവൻ തിരഞ്ഞെങ്കിലും പണം കണ്ടെത്താനായില്ല.
ആറ് ഏക്കറിലധികം വരുന്ന കൃഷിയിടമായതിനാൽ തിരച്ചിൽ എളുപ്പമായിരുന്നില്ല. ഒടുവിൽ പണം കുഴിച്ചിട്ട വിവരം ഭാര്യയോടും മക്കളോടും മംഗിലാൽ പറഞ്ഞു. ആദ്യം കുടുംബാംഗങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ വിശ്വസിച്ചില്ല. പിന്നീട് എല്ലാവരും ചേർന്ന് പണത്തിനായി തിരച്ചിൽ നടത്തി.
എന്നാൽ ഏറെ ശ്രമിച്ചിട്ടും ബാഗ് കണ്ടെത്താൻ കഴിയാതെ വന്നതോടെ കുടുംബം തിരച്ചിൽ അവസാനിപ്പിച്ചു. സംഭവത്തെക്കുറിച്ച് മറ്റാരോടും പറയാനും അവർ തയ്യാറായില്ല.
ഏകദേശം ഒരു വർഷം കടന്നുപോയി. മഴയ്ക്ക് ശേഷം കൃഷിയിടത്തിൽ വിത്തുപാകാനുള്ള ഒരുക്കങ്ങൾ കുടുംബം ആരംഭിച്ചു. ഇതിനിടെ വ്യാഴാഴ്ച രാത്രി ട്രാക്ടർ ഉപയോഗിച്ച് നിലം ഉഴുതുമറിക്കുകയായിരുന്നു.
ഉഴുതുമറിക്കുന്നതിനിടെ മണ്ണിനടിയിൽ കുഴിച്ചിട്ടിരുന്ന ബാഗ് ട്രാക്ടറിന്റെ ഭാഗത്ത് തട്ടി പുറത്തേക്ക് വന്നെങ്കിലും ഇരുട്ടായിരുന്നതിനാൽ ആ സമയത്ത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.
പിറ്റേന്ന് രാവിലെ കൃഷിയിടത്തിന് ചുറ്റുമുള്ള വേലി ശരിയാക്കുന്നതിനിടെ മംഗിലാലിന്റെ ഭാര്യയും മകനും ചേർന്നാണ് ബാഗ് കണ്ടത്. ബാഗ് കീറി നശിച്ച നിലയിലായിരുന്നു. അത് തുറന്നുനോക്കിയപ്പോഴാണ് ഒരു വർഷം മുൻപ് കുഴിച്ചിട്ട അഞ്ചുലക്ഷം രൂപയാണെന്ന് തിരിച്ചറിഞ്ഞത്.
എന്നാൽ നോട്ടുകൾ പഴയതുപോലെ ഉണ്ടായിരുന്നില്ല. ചിതലുകൾ തിന്ന് നശിപ്പിച്ച നിലയിലുള്ള 500 രൂപ നോട്ടുകളുടെ അവശിഷ്ടങ്ങളാണ് ബാഗിനുള്ളിലുണ്ടായിരുന്നത്.
നശിച്ച നോട്ടുകളുമായി കുടുംബം പച്പദ്രയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തി. എന്നാൽ ബാങ്ക് അധികൃതർ നോട്ടുകൾ സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് ബാലോത്രയിലെ പ്രധാന ശാഖയിലും കുടുംബം എത്തി. അവിടെയും അനുകൂലമായ മറുപടി ലഭിച്ചില്ല.
തുടർന്ന് ജയ്പൂരിലെ ബാങ്കിനെ സമീപിക്കണമെന്നാണ് കുടുംബത്തിന് ലഭിച്ച നിർദേശം. എന്നാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മംഗിലാലിന് ജയ്പൂരിലേക്ക് പോകാൻ പോലും പണമില്ലയെന്നതാണ് യാഥാർത്ഥ്യം.
ഒരു വർഷത്തോളം സൂക്ഷിച്ചുവെച്ച അഞ്ചുലക്ഷം രൂപ ഒടുവിൽ കൈയിലെത്തിയപ്പോൾ ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായതിന്റെ കടുത്ത വിഷമത്തിലാണ് മംഗിലാൽ.
ഭർത്താവ് പണം കുഴിച്ചിടുന്ന സമയത്ത് തന്നോട് ഇക്കാര്യം പറഞ്ഞിരുന്നെങ്കിൽ ഇത്രയും വലിയ നഷ്ടം ഒഴിവാക്കാമായിരുന്നുവെന്ന് മംഗിലാലിന്റെ ഭാര്യ കണ്ണീരോടെ പറഞ്ഞു.





