കുട്ടികളെയും കൗമാരക്കാരെയും ലക്ഷ്യമിട്ട് ലഹരി സംഘങ്ങൾ പുതിയ നൂതന രീതികൾ പയറ്റുന്നതായി യുഎഇ ആന്റി-നാർകോട്ടിക്‌സ് അതോറിറ്റിയുടെ മുന്നറിയിപ്പ്. എ4 പേപ്പറുകളിലും മിഠായികളിലും വരെ ലഹരി ഒളിപ്പിച്ചു കടത്തുന്ന തന്ത്രങ്ങൾ സ്വീകരിക്കുന്നതായി കണ്ടെത്തി. അതുകൊണ്ടുതന്നെ അപ്രതീക്ഷിത പാഴ്‌സലുകളെക്കുറിച്ചും ഓഫറുകളെക്കുറിച്ചും മാതാപിതാക്കളും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം ലഹരിമരുന്നിന് എതിരായ പോരാട്ടം യുഎഇ ശക്തമാക്കിയതിന് പിന്നാലെ ലഹരിക്കടത്തിനായി പുതുവഴികൾ തേടുകയാണ് സംഘങ്ങൾ. കുടുംബങ്ങളെയും വിദ്യാലയങ്ങളെയും കേന്ദ്രീകരിച്ച് ‘യുണൈറ്റഡ് ഇൻ എലിമിനേറ്റിങ് ദ സ്‌കോർജ്’ എന്ന പേരിൽ ദേശീയ ബോധവൽക്കരണ ക്യാംപയിനും യുഎഇ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. സാധാരണ പരിശോധനകളിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടുള്ള രീതിയിൽ എ4 പേപ്പറിൽ ലഹരിമരുന്ന് ലയിപ്പിച്ച് കടത്തുന്ന തന്ത്രമാണ് ലഹരി മാഫിയ ഇപ്പോൾ പ്രധാനമായും ഉപയോഗിക്കുന്നത്. വിദഗ്ധ പരിശോധനയിൽ മാത്രമാണ് ഇവ കണ്ടെത്താൻ കഴിയുന്നതെന്നും യുഎഇ ആന്റി നാർകോട്ടിക്‌സ് അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.





