മോസ്‌കോ: റഷ്യയിൽനിന്ന് ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കും നേരിട്ടുള്ള റെയിൽപാത നിർമിക്കുന്നതിനുള്ള സാധ്യതകൾ റഷ്യ പരിശോധിക്കുന്നതായി റിപ്പോർട്ട്. ഹോർമുസ്, ബോസ്ഫറസ് കടലിടുക്കുകളിലെ യുദ്ധസാഹചര്യങ്ങളും സുരക്ഷാ ഭീഷണികളും ഒഴിവാക്കി ചരക്കുനീക്കം സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബദൽപാത തേടുന്നതെന്നാണ് സൂചന.
റെയിൽപാത സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് നേരിട്ട് റെയിൽപാത നിർമിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മറാത്ത് ഖുസ്‌നുള്ളിൻ വ്യക്തമാക്കി.
തുർക്ക്‌മെനിസ്താൻ, ഇറാൻ, അഫ്ഗാനിസ്താൻ, പാകിസ്താൻ എന്നീ രാജ്യങ്ങളിലൂടെ പാത കടന്നുപോകുന്ന രീതിയിലാണ് പദ്ധതി പരിഗണിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ആഗോള എണ്ണ, വാതക വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് റഷ്യയുടെ നീക്കമെന്നാണു വിലയിരുത്തൽ.
പദ്ധതി യാഥാർഥ്യമായാൽ റഷ്യയിൽനിന്ന് ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്കുള്ള ചരക്കുനീക്കം കൂടുതൽ സുഗമമാക്കാൻ സാധിക്കും. ഏഷ്യയിലെ വ്യാപാര ബന്ധങ്ങളിലും ഗതാഗത ശൃംഖലയിലും വലിയ മാറ്റങ്ങൾക്ക് ഇത് വഴിയൊരുക്കിയേക്കാം.
ബോസ്ഫറസ്, ഹോർമുസ് എന്നീ പ്രധാന കടലിടുക്കുകളിലെ ഉപരോധങ്ങളും സുരക്ഷാ പ്രതിസന്ധികളും മറികടക്കാൻ കഴിയുമെന്നതാണ് നിർദിഷ്ട റെയിൽപാതയുടെ പ്രധാന നേട്ടമായി കണക്കാക്കുന്നത്.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 25 ശതമാനവും എൽഎൻജി കയറ്റുമതിയുടെ 20 ശതമാനത്തോളവും ഹോർമുസ് കടലിടുക്ക് വഴിയാണ് നടക്കുന്നത്. കടലിടുക്കിലുണ്ടാകുന്ന തടസ്സങ്ങൾ ആഗോള വ്യാപാരത്തെ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാൻ ബദൽ ഗതാഗതപാത സഹായിക്കുമെന്നാണ് റഷ്യയുടെ കണക്കുകൂട്ടൽ.





