ഇസ്‍ലാമാബാദ്: ലഷ്കർ ഇ തൊയ്ബയുടെ കമാൻഡറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ജമ്മു കശ്മീരിൽ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെടുന്ന ലഷ്കർ ഭീകരരുടെ കുടുംബങ്ങൾക്ക് സഹായം നൽകുന്ന വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന ഖാരി സയീദ് അബ്ദുൽ അസീസ് ആണ് മരിച്ചത്. ഇസ്‍ലാമാബാദിലെ പള്ളിയിൽ പ്രാർഥനയ്ക്ക് എത്തിയപ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു ഖാരി സയീദ്.
അതേസമയം പള്ളിയിലേക്ക് വരുന്നതിന് മുൻപായി ഖാരി അപരിചിതമായ റസ്റ്ററന്റിൽ നിന്ന് ഭക്ഷണം കഴിച്ചതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. പള്ളിയുടെ കവാടത്തിലെത്തിയ ഖാരി, പ്രാർഥന മുറിയിലേക്ക് പടികൾ കയറുന്നതിനിടെയാണ് കുഴഞ്ഞുവീഴുകയയായിരുന്നു. ഒപ്പമുണ്ടായിരുന്ന ലഷ്കർ സംഘാംഗങ്ങൾ മറ്റൊരിടത്ത് എത്തിച്ച് സിപിആർ നൽകിയെങ്കിലും ഖാരി ബോധം വീണ്ടെടുത്തില്ല. പിന്നാലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അതേസമയം മരണകാരണം സംബന്ധിച്ച് അവ്യക്തത തുടരുകയാണ്. അജ്ഞാതർ വിഷം കൊടുത്ത് കൊലപ്പെടുത്തിയതാണെന്ന തരത്തിൽ വാർത്തകളും പുറത്തുവരുന്നുണ്ട്.






