കോഴിക്കോട്: സ്വർണ നിക്ഷേപ തട്ടിപ്പിലൂടെ സംസ്ഥാനത്തു നിന്ന് 350 കോടി രൂപ തട്ടിയെടുത്ത് ജ്വല്ലറി ഉടമകളായ സഹോദരങ്ങൾ മുങ്ങിയതായി പരാതി. തൃശൂർ പുതുക്കാട് സ്വദേശികളായ സഹോദരങ്ങൾ വിവിധ ജില്ലകളിലായി 9 ജ്വല്ലറികൾ തുടങ്ങി നിക്ഷേപകരിൽ നിന്ന് 350 കോടി രൂപ സമാഹരിച്ച ശേഷം മുങ്ങിയതായി തട്ടിപ്പിനിരയായ നിക്ഷേപകർ നൽകിയ പരാതിയിൽ പറയുന്നു. ഇവർക്കെതിരെ സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 25ലേറെ എഫ്ഐആറുകൾ ഉണ്ടെന്നും നിക്ഷേപകർ പറഞ്ഞു.
ഇതിനിടെ തട്ടിപ്പിനിരയായ വിവിധ ജില്ലകളിൽ നിന്നുള്ള നിക്ഷേപകർ ആക്‌ഷൻ കമ്മിറ്റി രൂപീകരിച്ച് തങ്ങളുടെ പണം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണിപ്പോൾ. ഒരു ലക്ഷം രൂപ നിക്ഷേപിച്ചാൽ നിത്യേന 900 രൂപ വീതം 202 ദിവസം അക്കൗണ്ടിലേക്കു വരുമെന്നായിരുന്നു വാഗ്ദാനം. 2023ൽ ആരംഭിച്ച ഈ പദ്ധതി പ്രകാരം തുടക്കത്തിൽ കൃത്യമായി നിക്ഷേപകരുടെ അക്കൗണ്ടുകളിൽ പണം എത്തി. എന്നാൽ പിന്നീട് പണം ലഭിക്കാതായെന്നും ജ്വല്ലറികൾ പൂട്ടി ഉടമകൾ മുങ്ങിയെന്നും നിക്ഷേപകരായ തൃശൂർ സ്വദേശി വി.എസ്. അഷ്റഫ്, കോഴിക്കോട് സ്വദേശികളായ പി.എം. സുനിൽകുമാർ, വി.കെ.റംല, കെ.ഷൈജു എന്നിവർ പറഞ്ഞു.
പ്രതികൾ കൺസോർഷ്യം രൂപീകരിച്ചും പണം തട്ടിയെടുത്തിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു. 10 പേരിൽ നിന്ന് 10 ലക്ഷം രൂപ വീതം സമാഹരിച്ച് ജ്വല്ലറി സ്ഥാപിക്കുന്നതായിരുന്നു ഇവരുടെ രീതി. ജ്വല്ലറി നടത്തിപ്പിന്റെ ലാഭ വിഹിതം നൽകാമെന്നായിരുന്നു വാഗ്ദാനം. 2025ൽ ജ്വല്ലറികൾ പൂട്ടി ഇവർ മുങ്ങി. ജ്വല്ലറി ബിസിനസ് അവസാനിപ്പിച്ച് ഈ സഹോദരങ്ങൾ ടൂറിസം പദ്ധതിയുടെ മറവിൽ തൃശൂർ കേന്ദ്രീകരിച്ച് വീണ്ടും തട്ടിപ്പിനുള്ള ശ്രമം തുടങ്ങിയതായും ഇവർ ആരോപിച്ചു. ഇക്കാര്യങ്ങൾ വ്യക്തമാക്കി ആഭ്യന്തര മന്ത്രിക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇവർക്കെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും നിക്ഷേപകർ പറഞ്ഞു.






