കണ്ണൂർ: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ദിവസത്തിലേറെ നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ണൂർ നഗരത്തിലെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടിയത്. ഉത്തരമേഖലാ ഡിഐജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പൊലീസ് സംഘമാണ് അറസ്റ്റ് നടത്തിയത്.
കണ്ണൂർ നഗരത്തിലെ ഒരു അപാർട്മെന്റിൽ സുഹൃത്തിനൊപ്പം ഒളിവിൽ കഴിയുകയായിരുന്നു അർജുൻ ആയങ്കിയെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഇയാളെ പിടികൂടുകയായിരുന്നു.
കോതമംഗലത്തിന് സമീപം ക്രിമിനൽ പ്രവർത്തനങ്ങൾക്കായി സംഘം ചേർന്നെന്ന സംശയത്തെ തുടർന്ന് അർജുൻ ആയങ്കിയെയും കൂട്ടാളികളെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പിന്നീട് ജാമ്യത്തിലിറങ്ങിയ അർജുൻ, റെയ്ഡിന് നേതൃത്വം നൽകിയ കോതമംഗലം ഇൻസ്‌പെക്ടർക്കും ഊന്നുകൽ എസ്.എച്ച്.ഒയ്ക്കുമെതിരെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിയും അധിക്ഷേപവും നടത്തിയെന്ന പരാതിയിൽ കേസിൽ പ്രതിയായി.
ഈ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയും അർജുൻ ഒളിവിൽ തുടരുകയായിരുന്നു. ഇതിനിടെ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിച്ചും മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും പരാമർശിച്ചും സമൂഹമാധ്യമങ്ങളിൽ ഇയാൾ രംഗത്തെത്തിയിരുന്നു. ഇതോടെയാണ് പൊലീസ് അന്വേഷണം ശക്തമാക്കിയത്.
അറസ്റ്റിന് പിന്നാലെ കണ്ണൂരിലെ കേസിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം അർജുൻ ആയങ്കിയെ എറണാകുളത്തേക്ക് മാറ്റിയേക്കുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയുള്ള എഡിജിപിയുടെ നിർദേശപ്രകാരമായിരിക്കും തുടർനടപടികൾ.
കരിപ്പൂർ സ്വർണക്കടത്ത്, സ്വർണം തട്ടിയെടുക്കൽ, തട്ടിക്കൊണ്ടുപോകൽ, വധശ്രമം, മോഷണം, വനിതാ ടി.ടി.ഇയോട് മോശമായി പെരുമാറിയ സംഭവം തുടങ്ങിയ വിവിധ കേസുകളിലും അർജുൻ ആയങ്കിക്കെതിരെ പൊലീസ് കേസുകൾ നിലവിലുണ്ട്.





