ഗോണ്ട: ഉത്തരപ്രദേശിലെ ഗോണ്ട ജില്ലയിൽ കാമുകനെ കാണാൻ ജയിലിൽ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയിൽ നിന്ന് 10 ലൈവ് ബുള്ളറ്റ് കാർട്രിഡ്ജുകളും വ്യാജ ആധാർ കാർഡും പണവും കണ്ടെത്തി. വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ജയിൽ അധികൃതർ നടത്തിയ സുരക്ഷാ പരിശോധനയ്ക്കിടെ പെൺകുട്ടിയുടെ കൈവശമുള്ള തിരിച്ചറിയൽ കാർഡ് വ്യാജമാണെന്നു കണ്ടെത്തുകയും
തുടർന്ന് നടത്തിയ പരിശോധനയിൽ ബുള്ളറ്റുകൾ കണ്ടെത്തുകയും ചെയ്തു.
ജില്ലാ ജയിലിൽ തടവിൽ കഴിയുന്ന കാമുകനായ ഹർഷു കശ്യപ് എന്ന യുവാവിനെ കാണാനായി പെൺകുട്ടിയും മറ്റൊരാളും എത്തിയതായാണ് ജയിൽ ജെയ്ലർ അഫ്താബ് ആലം അൻസാരി അറിയിച്ചത്. എന്നാൽ പ്രധാന കവാടത്തിൽ നടന്ന സുരക്ഷാ പരിശോധനയ്ക്കിടെ പെൺകുട്ടി നൽകിയ പേര് ആധാർ കാർഡിലെ പേരുമായി പൊരുത്തപ്പെടാത്തത് സുരക്ഷാ ഉദ്യോഗസ്ഥകരിൽ സംശയം ജനിപ്പിച്ചു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് പെൺകുട്ടിയുടെ പോക്കറ്റിൽ നിന്ന് 10 ലൈവ് ബുള്ളറ്റ് കാർട്രിഡ്ജുകൾ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് ജയിൽ ഔട്ട്‌പോസ്റ്റ് ഇൻചാർജിനെ സ്ഥലത്തേക്ക് വിളിച്ചു വരുത്തി, പെൺകുട്ടിയെയും കൂടെയുണ്ടായിരുന്നയാളെയും പിടികൂടി പോലീസിന് കൈമാറി. ഇവരിൽ നിന്ന് കണ്ടെത്തിയ ബുള്ളറ്റുകളും വ്യാജ രേഖകളും പണവും പോലീസ് പിടിച്ചെടുത്തു.
അതേസമയം ചോദ്യം ചെയ്യലിൽ പെൺകുട്ടി തന്റെ യഥാർഥ പേര് വെളിപ്പെടുത്തി. കൂടാതെ ബുള്ളറ്റുകൾ തന്റെ പിതാവിന്റെ ലൈസൻസുള്ള തോക്കിൽ നിന്നുള്ളതാണെന്നും പറഞ്ഞു. താൻ ജയിലിൽ കഴിയുന്ന കാമുകനെ കാണാൻ വന്ന വിവരം പിതാവിന് അറിയുകയാണെങ്കിൽ അദ്ദേഹം പ്രകോപിതനായി ഗുരുതരമായ നടപടി സ്വീകരിക്കാമെന്ന ഭയത്താലാണ് ബുള്ളറ്റുകൾ വീട്ടിൽ നിന്ന് മാറ്റി കൊണ്ടുവന്നതെന്ന് പെൺകുട്ടി വിശദീകരിച്ചു. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. ജയിൽ സുരക്ഷയിൽ വീഴ്ചയുണ്ടായോയെന്നതടക്കമുള്ള കാര്യങ്ങളും പരിശോധിക്കുന്നതായി അധികൃതർ വ്യക്തമാക്കി.






