ടെഹ്റാൻ: യുഎസ്– ഇസ്രയേൽ സംയുക്താക്രമണത്തിൽ മുൻ സുപ്രീം ലീഡർ കൊല്ലപ്പെട്ടതിന് പിന്നാലെ അധികാരമേറ്റെടുത്ത ഇറാന്റെ പുതിയ സുപ്രീം ലീഡർ മൊജ്താബ ഖാമനെയിയുടെ ആരോഗ്യനിലയെ കുറിച്ചുള്ള ആശങ്കകൾ വീണ്ടും ശക്തമാകുന്നു. ഔദ്യോഗികമായി ഇറാൻ ഈ റിപ്പോർട്ടുകൾ നിഷേധിച്ചിട്ടുണ്ടെങ്കിലും, ഇസ്രയേൽ മാധ്യമങ്ങൾ ഉൾപ്പെടെ പുറത്തുവിട്ട പുതിയ വിവരങ്ങൾ അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അവകാശപ്പെടുന്നു.
ഇസ്രയേൽ ചാനൽ 14 ഇറാനിലെ ആഭ്യന്തര സ്രോതസുകളെ ഉദ്ധരിച്ച് ഖാമനെയിയുടെ ആരോഗ്യനില അത്യന്തം ഗുരുതരമാണ് എന്ന് റിപ്പോർട്ട് ചെയ്തു. ഇതോടൊപ്പം ഇറാൻവയർ പുറത്തുവിട്ട വിവരങ്ങളും കൂടുതൽ ചർച്ചകൾക്ക് ഇടയാക്കിയിട്ടുണ്ട്. പ്രസിഡന്റ് മസൂദ് പെസെഷ്കിയാന്റെ ഭരണകൂടത്തോട് അടുത്ത ബന്ധമുള്ള രണ്ട് സ്രോതസുകൾ ഖാമനേയി ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിന് ശേഷം മന്ത്രിസഭാംഗങ്ങളെ നേരിൽ കണ്ടിട്ടില്ലെന്ന് വ്യക്തമാക്കിയതായി റിപ്പോർട്ടിൽ പറയുന്നു. ആ ആക്രമണത്തിൽ അദ്ദേഹത്തിന്റെ പിതാവും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടിരുന്നു.
അതേപോലെ ഭരണകൂടത്തിലെ ഉയർന്ന തലങ്ങളിൽ ഖാമനേയിയുടെ ആരോഗ്യനില വളരെ മോശമാണെന്നും ഏത് നിമിഷവും മരണവാർത്ത പുറത്തുവരാമെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പെസെഷ്കിയാൻ മന്ത്രിസഭയോട് അടുത്ത ഒരാൾ ഖാമനേയിയുടെ ശാരീരികാവസ്ഥ ദുർബലമാണെന്നും ഉടൻ മരണവാർത്ത കേൾക്കേണ്ടി വരുന്നതിൽ അതിശയമില്ലെന്നും പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.
സുപ്രീം ലീഡറായി ചുമതലയേറ്റതിന് ശേഷം ഖാമനേയി ഇതുവരെ പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം. പ്രസംഗങ്ങളൊന്നും നടത്തിയിട്ടില്ലെന്നും, ഔദ്യോഗിക മാധ്യമങ്ങളിലൂടെ എഴുത്തു പ്രസ്താവനകൾ മാത്രമാണ് പുറത്തുവന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. ഇത് അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സംശയങ്ങൾ കൂടുതൽ ശക്തമാക്കുകയാണ്.
അതേസമയം, ഇറാൻ സർക്കാർ ഈ വാർത്തകൾ തള്ളി. ഫെബ്രുവരി ആക്രമണത്തിൽ ഖാമനേയിക്ക് ഗുരുതര പരുക്കുകളൊന്നും സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും ഭരണകാര്യങ്ങൾ നിയന്ത്രിക്കുന്നുവെന്നും അധികൃതർ അറിയിച്ചു. പ്രസിഡന്റ് പെസെഷ്കിയാൻ അടുത്തിടെ നൽകിയ അഭിമുഖത്തിൽ ഖാമനേയിയുമായി ആശയവിനിമയം നടത്തുന്നത് ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് സമ്മതിച്ചെങ്കിലും, അദ്ദേഹത്തിന്റെ സാന്നിധ്യം സർക്കാരിന് വലിയ ആത്മവിശ്വാസമാണ് നൽകുന്നതെന്നും വ്യക്തമാക്കി. ഖാമനേയിയുമായി ഫലപ്രദമായ കൂടിക്കാഴ്ചകൾ നടത്തിയിട്ടുണ്ടെന്നും, അദ്ദേഹത്തിന് വ്യക്തമായ ചിന്തയും ശക്തമായ നിലപാടുകളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നിരുന്നാലും, ഖാമനേയിയുടെ പൊതുവേദിയിലെ അഭാവം അന്താരാഷ്ട്ര നിരീക്ഷകരുടെ ശ്രദ്ധ ആകർഷിച്ചിരിക്കുകയാണ്. യുഎസ്–ഇസ്രയേൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഇറാനിലെ നേതൃസ്ഥിരതയെക്കുറിച്ചും ഭാവി രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും നിരവധി അനുമാനങ്ങളും ചർച്ചകളും ശക്തമാകുകയാണ്. ഖാമനേയിയുടെ ആരോഗ്യനിലയും ഭരണനേതൃത്വവും സംബന്ധിച്ച അനിശ്ചിതത്വം മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ ബാധിക്കുമെന്ന ആശങ്കയും ഉയരുന്നു.





