തിരുവനന്തപുരം: സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള ആദ്യ യുഡിഎഫ് യോഗത്തിൽ ബോർഡ്, കോർപ്പറേഷൻ അധ്യക്ഷ സ്ഥാനങ്ങളിലെ വിഭജനം സംബന്ധിച്ച് വിശദമായ ചർച്ച നടന്നില്ല. ഉഭയകക്ഷി ചർച്ചകൾ നടത്താൻ തീരുമാനിച്ചാണ് യോഗം പിരിഞ്ഞത്.
അതേസമയം, കോൺഗ്രസിൽ കെപിസിസി അധ്യക്ഷ സ്ഥാനത്തിനൊപ്പം വിവിധ ബോർഡ്, കോർപ്പറേഷൻ പദവികൾക്കായും നേതാക്കൾ അവകാശവാദം ശക്തമാക്കി. വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് ദീപ്തി മേരി വർഗീസും ഐഷ പോറ്റിയും താൽപര്യം അറിയിച്ചതായാണ് വിവരം. ജി.സി.ഡി.എ അധ്യക്ഷ സ്ഥാനത്തേക്ക് കെ. ബാബുവിനെയും പരിഗണിക്കുന്നുണ്ട്.
കെപിസിസി അധ്യക്ഷ സ്ഥാനത്തെ ചൊല്ലിയും കോൺഗ്രസിൽ ചർച്ചകൾ സജീവമാണ്. ഷാഫി പറമ്പിലിന്റെ പേരുമായി കെ.സി. വേണുഗോപാൽ വിഭാഗവും ജോസഫ് വാഴക്കന്റെ പേരുമായി രമേശ് ചെന്നിത്തല വിഭാഗവും രംഗത്തുണ്ട്. ബെന്നി ബഹനാൻ, ആന്റോ ആന്റണി, കൊടിക്കുന്നിൽ സുരേഷ് എന്നിവരും നീക്കങ്ങൾ ശക്തമാക്കിയിട്ടുണ്ട്. ഇതോടെ മറ്റ് പദവികളിലെ ചർച്ചകളും വൈകുകയാണ്.
ഭരണപരിഷ്കരണ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് പി.ജെ. ജോസഫിനും എം.കെ. മുനീറിനുമായി യുഡിഎഫിലെ ഘടകകക്ഷികൾ രംഗത്തുണ്ട്. എം.കെ. മുനീറിനെ വയോജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. വിവിധ ഘടകകക്ഷി നേതാക്കളും മറ്റ് പ്രധാന പദവികൾക്കായി അവകാശവാദം ഉന്നയിക്കുന്നതോടെ പദവി വിഭജനം യുഡിഎഫിൽ സങ്കീർണമാകുകയാണ്.






