തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തിക്കുന്ന നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ തത്വത്തിൽ തീരുമാനിച്ചു. കിടപ്പുരോഗികൾക്ക് മാത്രമായി വീടുകളിലെ വിതരണം പരിമിതപ്പെടുത്തി, മറ്റെല്ലാ ഗുണഭോക്താക്കൾക്കും ആധാർ ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെ പെൻഷൻ നൽകാനാണ് തീരുമാനം. പുതിയ സംവിധാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടില്ല.
2016 മുതൽ ആവശ്യപ്പെടുന്നവർക്ക് പ്രാഥമിക സഹകരണ ബാങ്കുകൾ വഴി വീടുകളിലെത്തിച്ചിരുന്ന പെൻഷൻ സംവിധാനമാണ് ഇപ്പോൾ പുനഃസംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ 52 ലക്ഷത്തോളം പെൻഷൻ ഗുണഭോക്താക്കളിൽ ഏകദേശം 23 ലക്ഷം പേരാണ് നിലവിൽ വീടുകളിലെത്തുന്ന സേവനം ഉപയോഗിക്കുന്നത്. പുതിയ തീരുമാനം ഇവരിൽ വലിയൊരു വിഭാഗത്തെ ബാധിക്കുമെന്നാണ് വിലയിരുത്തൽ.
കിടപ്പുരോഗികൾക്ക് പുറമേ അംഗപരിമിതർ, അവശർ, പ്രായമായവർ, വിശ്വസ്തരായ സഹായികൾ ഇല്ലാത്തവർ, ബാങ്ക് അല്ലെങ്കിൽ എടിഎം സൗകര്യം സമീപത്ത് ഇല്ലാത്തവർ എന്നിവർക്കും നിലവിലെ സംവിധാനം വലിയ ആശ്വാസമായിരുന്നു. മാറ്റം നടപ്പായാൽ ഇവർ ബാങ്കുകളെയോ എടിഎമ്മുകളെയോ ആശ്രയിക്കേണ്ട സാഹചര്യമുണ്ടാകും.
നിലവിൽ ഒരാൾക്ക് പെൻഷൻ വീടുകളിലെത്തിക്കുമ്പോൾ ഏജന്റിന് 25 രൂപയും സംഘത്തിന് അഞ്ച് രൂപയും സർക്കാർ ഇൻസെന്റീവായി നൽകുന്നുണ്ട്. 1,625 സംഘങ്ങളിലായി പ്രവർത്തിക്കുന്ന അയ്യായിരത്തോളം ഏജന്റുമാർക്ക് പുതിയ തീരുമാനം വരുമാനനഷ്ടമുണ്ടാക്കും.
അതേസമയം, ആധാർ അധിഷ്ഠിത ബാങ്ക് അക്കൗണ്ടിലൂടെ വിതരണം നടത്തുന്നതിലൂടെ അനർഹരും മരിച്ചുപോയവരുടെ പേരിലും പെൻഷൻ കൈപ്പറ്റുന്നത് തടയാനാകുമെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. കൂടാതെ, കേന്ദ്ര സർക്കാരിന്റെ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) മാനദണ്ഡങ്ങളോട് പൊരുത്തപ്പെടാനും, വിതരണം ചെയ്യാതെ ബാക്കി വരുന്ന തുക മടക്കി നൽകുന്നതിലെ കാലതാമസം ഒഴിവാക്കാനും, ഇൻസെന്റീവ് ചെലവ് കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.





