ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഡീപ്‌ഫെയ്ക് ഉള്ളടക്കങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത് തടയുന്നതിൽ വീഴ്ചയുണ്ടായെന്ന പരാതിയിൽ ഇന്ത്യയോട് മാപ്പ് പറഞ്ഞ് മെറ്റ മേധാവി മാർക്ക് സക്കർബർഗ്. നിഷികാന്ത് ദുബെയുടെ നേതൃത്വത്തിലുള്ള പാർലമെന്ററി സമിതിക്കു മുന്നിലാണ് സക്കർബർഗ് മാപ്പ് പറഞ്ഞതെന്നാണ് റിപ്പോർട്ട്.
മെറ്റയുടെ മുതിർന്ന ഉദ്യോഗസ്ഥരായ ജോയൽ കപ്ലാൻ ഉൾപ്പെടെയുള്ളവർ പാർലമെന്ററി സമിതിയുമായി കൂടിക്കാഴ്ച നടത്തി. ഏകദേശം 45 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടതായാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് മണികൺട്രോൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ സംഭവത്തിൽ മെറ്റ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കുന്നതിന്റെ ദൃശ്യങ്ങളും ഡീപ്‌ഫെയ്ക് ഉള്ളടക്കങ്ങളും ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം, വാട്സാപ് തുടങ്ങിയ മെറ്റയുടെ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നത് തടയുന്നതിൽ കമ്പനി പരാജയപ്പെട്ടുവെന്ന പരാതിയാണ് സമിതിക്ക് മുന്നിലെത്തിയത്.
ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്ത സംഭവത്തിലും പാർലമെന്ററി സമിതി മെറ്റയ്‌ക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചിരുന്നു. സംഭവത്തിൽ മൂന്ന് ദിവസത്തിനകം മാർക്ക് സക്കർബർഗ് മാപ്പ് പറയണമെന്ന് സമിതി ആവശ്യപ്പെട്ടിരുന്നു.
ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടിയെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി യുവാക്കൾക്ക് ഉറപ്പുനൽകുന്ന വീഡിയോയാണ് ഫെയ്സ്ബുക്കിൽനിന്ന് നീക്കം ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മെറ്റയുടെ പ്രതിനിധികളെ പാർലമെന്ററി സമിതി വിളിച്ചുവരുത്തുകയും കടുത്ത ചോദ്യങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു.
അതേസമയം, പ്രധാനമന്ത്രിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് ഇതുവരെ നേരിട്ട് പ്രതികരിച്ചിട്ടില്ല.
തീ വിഴുങ്ങിയ സ്പെയിനിന് മെസ്സിയുടെ കൈത്താങ്ങ്; ദുരിതബാധിതർക്കായി 88 ലക്ഷം രൂപ കൈമാറി






