വാഷിങ്ടൺ: ഇറാനുമായി മാസങ്ങളായി തുടരുന്ന യുദ്ധത്തിനിടെ അമേരിക്കയുടെ കൈവശമുള്ള ദീർഘദൂര ആക്രമണ മിസൈലുകളിൽ വലിയൊരു ഭാഗം ഉപയോഗിച്ചുകഴിഞ്ഞതായി റിപ്പോർട്ട്. റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം അമേരിക്ക കടുത്ത ആയുധക്ഷാമം നേരിടുകയാണ്. ഭാവിയിൽ ചൈന ഉൾപ്പെടെയുള്ള ശക്തരായ എതിരാളികളുമായി യുദ്ധമുണ്ടായാൽ അതിനെ നേരിടാൻ അമേരിക്കൻ സേന എത്രത്തോളം സജ്ജമാണെന്ന ചോദ്യവും ഇതോടെ ഉയരുന്നു.
പ്രധാനമായും കരയിൽനിന്ന് തൊടുക്കാവുന്ന തന്ത്രപ്രധാന ആയുധങ്ങളായ ‘എറ്റാകംസ്’, പുതിയ തലമുറയിലെ ‘പ്രസിഷൻ സ്‌ട്രൈക്ക് മിസൈലുകൾ’ എന്നിവയുടെ വലിയ ശേഖരമാണ് ഇറാനെതിരായ ആക്രമണങ്ങൾക്ക് അമേരിക്ക ഉപയോഗിച്ചത്. ഇവയിൽ ഭൂരിഭാഗവും ഇപ്പോൾ തീർന്നതായാണ് വിവരം. അമേരിക്കൻ സൈന്യം ആൾനാശം ഒഴിവാക്കുന്നതിനായി പൈലറ്റുള്ള യുദ്ധവിമാനങ്ങൾ ഇറാന്റെ വ്യോമാതിർത്തിയിലേക്ക് അയക്കുന്നതിന് പകരം ദീർഘദൂര മിസൈലുകളാണ് വ്യാപകമായി ഉപയോഗിച്ചത്.
അമേരിക്കൻ ആയുധശേഖരത്തിലെ ടോമഹോക്ക് ക്രൂയിസ് മിസൈലുകളിൽ പകുതിയും ഇറാൻ യുദ്ധത്തിൽ ഉപയോഗിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. കൂടാതെ, പേട്രിയറ്റ് ഇന്റർസെപ്റ്ററുകളുടെ 65 ശതമാനവും അത്യാധുനിക വ്യോമ പ്രതിരോധ സംവിധാനമായ ‘താഡ്’ മിസൈലുകളുടെ ഏകദേശം 38 ശതമാനവും ഇതിനകം ഉപയോഗിച്ചുകഴിഞ്ഞതായി പ്രതിരോധ പഠന കേന്ദ്രങ്ങൾ വിലയിരുത്തുന്നു.
മധ്യപൂർവേഷ്യൻ മേഖലയിലെ ചുമതലയുള്ള യുഎസ് സെൻട്രൽ കമാൻഡിന്റെ പക്കലുണ്ടായിരുന്ന മിസൈൽ ശേഖരം ഏതാണ്ട് അവസാനിച്ചതോടെ ലോകത്തിന്റെ മറ്റ് ഭാഗങ്ങളിൽ വിന്യസിച്ചിരുന്ന ആയുധശേഖരത്തിൽ നിന്നാണ് നിലവിൽ മേഖലയിലേക്ക് മിസൈലുകൾ എത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ ആയുധക്ഷാമം സംബന്ധിച്ച ആശങ്കകൾ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തള്ളി. ലോകത്ത് മറ്റാരെക്കാളും കൂടുതൽ ആയുധങ്ങളും വെടിക്കോപ്പുകളും അമേരിക്കയുടെ പക്കലുണ്ടെന്നും ആവശ്യത്തിലധികം കരുത്ത് രാജ്യത്തിനുണ്ടെന്നും ട്രംപ് പ്രതികരിച്ചു. നിലവിൽ യുഎസ് പ്രതിരോധ നിർമാണ കമ്പനികൾ എക്കാലത്തെയും ഉയർന്ന നിരക്കിൽ പുതിയ മിസൈലുകൾ നിർമിച്ചുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഉൽപ്പാദനം വർധിപ്പിച്ചാലും ദീർഘകാലം നീണ്ടുനിൽക്കുന്ന വലിയൊരു യുദ്ധത്തിൽ കുറഞ്ഞുപോയ ആയുധശേഖരം പെട്ടെന്ന് നികത്താൻ വർഷങ്ങളെടുക്കുമെന്നാണ് പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തൽ.
















































