തൃശൂർ: കുന്നംകുളം പെരുമ്പിലാവിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് വൻ മോഷണം. പതിമൂന്നര പവൻ സ്വർണവും 10,000 രൂപയും നഷ്ടപ്പെട്ടു. പെരുമ്പിലാവ് പട്ടാമ്പി റോഡിലെ വെളുത്തവളപ്പിൽ അക്ബറിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് ആറോടെ അക്ബറും കുടുംബവും വീട്ടിൽനിന്ന് പുറത്തുപോയിരുന്നു. രാത്രി 8.30ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. മുൻവശത്തെ വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ കയറിയത്. അലമാരയിലെ ബാഗിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവും ആധാർ കാർഡ്, ആർ.സി ബുക്ക് എന്നിവ ഉൾപ്പെടെയുള്ള രേഖകളും മോഷ്ടാക്കൾ കൊണ്ടുപോയി.
അക്ബർ കുന്നംകുളം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ സനീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി തെളിവുകൾ ശേഖരിച്ചു.
വീട്ടിലെ അലമാരകളിലെ വസ്ത്രങ്ങൾ വാരിവലിച്ചിട്ട നിലയിലായിരുന്നു. പിൻവശത്തെ ഗ്രില്ലും തകർത്താണ് മോഷ്ടാക്കൾ പുറത്തുകടന്നത്. പ്രദേശത്തെ സി.സി.ടി.വി ക്യാമറകൾ പരിശോധിച്ച് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.


















































