പത്തനംതിട്ട: മഴക്കെടുതി വിലയിരുത്താൻ ജില്ലയിൽ എത്താൻ വൈകിയെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. ദുരിതാശ്വാസ ക്യാംപുകൾ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
മന്ത്രിമാരുമായും എം.എൽ.എമാരുമായും ഉദ്യോഗസ്ഥരുമായും നിരന്തരം ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളും മറ്റ് നടപടികളും ഏകോപിപ്പിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഏത് ക്യാംപിൽ പ്രശ്നമുണ്ടെന്ന് അറിയിച്ചാലും പരിഹരിക്കും. അത് സി.പി.എം പ്രവർത്തകർ ചൂണ്ടിക്കാട്ടിയാലും പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
150ൽ അധികം ആളുകളുള്ള ദുരിതാശ്വാസ ക്യാംപുകൾ രണ്ടായി വിഭജിക്കും. അതിഥി തൊഴിലാളികളെ കോൺട്രാക്ടർമാർ ആവശ്യമായ സഹായം നൽകാതെ ക്യാംപുകളിലേക്ക് അയക്കുന്ന സാഹചര്യമുണ്ട്. ഇവർക്കായി പ്രത്യേക ഭക്ഷണം തയ്യാറാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മഴക്കെടുതിയിൽ ആവശ്യമായ കാര്യങ്ങൾക്ക് എത്ര രൂപ വേണമെങ്കിലും ചെലവാക്കാൻ അനുമതി നൽകിയിട്ടുണ്ട്. വെള്ളം കയറിയ വീടുകൾക്ക് 10,000 രൂപ ധനസഹായം നൽകും. ക്യാംപുകളിൽ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരുടെ വീടുകൾ വൃത്തിയാക്കുന്നതിനും സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
നദികളിൽ മണ്ണ് അടിഞ്ഞുകൂടിയതിനാൽ ചെറിയ മഴ പെയ്താൽ പോലും ജലനിരപ്പ് ഉയരുന്ന സാഹചര്യമുണ്ട്. മണ്ണ് നീക്കം ചെയ്യാൻ അടിയന്തര നടപടി സ്വീകരിക്കും. ചുരുങ്ങിയ സമയത്ത് വലിയ തോതിൽ മഴ ലഭിക്കുന്നതാണ് വെള്ളം കയറാനുള്ള പ്രധാന കാരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വനമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായത് വെള്ളം ശക്തമായി ഒഴുകിയെത്താൻ കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനവും സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അതിതീവ്ര മഴയാണ് നിലവിൽ ഏറ്റവും വലിയ ഭീഷണിയെന്നും കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ 300 മില്ലിമീറ്ററിലധികം മഴ ലഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും വീടുകളിൽ തുടരുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.


















































