ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കോഴിക്കോട്, എറണാകുളം, തൃശൂർ, കണ്ണൂർ, കോട്ടയം, പത്തനംതിട്ട, കാസർകോട്, ആലപ്പുഴ, ഇടുക്കി, വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. .കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ, സ്കൂളുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, ഐ.സി.എസ്.ഇ, സി.ബി.എസ്.ഇ സ്കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ എന്നിവയ്ക്കും മദ്രസ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകൾക്ക് അവധി ബാധകമല്ല
കേരള സർവകലാശാല നാളെ (ബുധനാഴ്ച) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും (തിയറി, പ്രാക്ടിക്കൽ, വൈവവോസി ഉൾപ്പെടെ) മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട്. കേരള സർവകലാശാല പഠന വകുപ്പുകളിലെ പരീക്ഷകൾക്ക് മാറ്റമില്ല. അതേസമയം, മഴക്കെടുതിയിൽ സംസ്ഥാനത്ത് മരണം 25 ആയി. നാലു പേരെ കാണാതായി. പത്തു പേർക്കു പരുക്കേറ്റു. 418 ക്യാംപുകളിലായി 18,434 ആളുകളുണ്ട്. 52 വീടുകൾ പൂർണമായും 555 വീടുകൾ ഭാഗികമായും തകർന്നു. കോട്ടയത്താണ് കൂടുതൽ പേർ മരിച്ചത്. 5 മരണം ജില്ലയിൽ റിപ്പോർട്ടു ചെയ്തു
ഏറ്റവും പുതിയ റഡാർ ചിത്രത്തിന്റെ അടിസ്ഥാനത്തിൽ കാസർകോട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
















































