ചെന്നൈ: നടി തൃഷക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ തഞ്ചാവൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കാവേരി വിഷയത്തിലെ പ്രസംഗത്തിനിടെ തൃഷക്കെതിരെ നടത്തിയ ദ്വയാർഥ പരാമർശത്തിലാണ് പൊലീസ് കേസെടുത്തത്.
ഉദയനിധി മുൻകൂർ ജാമ്യഹർജി നൽകിയതിനെ തുടർന്ന് ഉച്ചവരെ അറസ്റ്റ് തടഞ്ഞിരുന്നു. തുടർന്ന് ഔദ്യോഗിക വസതിയിലെത്തിയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയെന്നാണ് പുറത്തുവരുന്ന വിവരം.
ജാമ്യമില്ലാ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് തഞ്ചാവൂർ പൊലീസ് കേസെടുത്തത്. അറസ്റ്റ് അനുവദിക്കില്ലെന്ന് ഡിഎംകെ നേതാക്കൾ പ്രതിഷേധിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള ആസൂത്രിത നീക്കമാണിതെന്നും ഡിഎംകെ ആരോപിച്ചു.
അതേസമയം, മദ്രാസ് ഹൈക്കോടതിയിൽ ഉദയനിധി നൽകിയ മുൻകൂർ ജാമ്യഹർജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. കേസിൽ കോടതി നിലപാട് നിർണായകമാകും.

















































