ന്യൂഡൽഹി: ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ മുൻ അധ്യക്ഷൻ ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനെ കോടതി വെറുതെവിട്ടതിന് പിന്നാലെ പ്രതികരണവുമായി ഗുസ്തി താരം വിനേഷ് ഫോഗട്ട്. കോടതി നടപടിയിൽ വളരെയധികം നിരാശയുണ്ടെന്നും നീതിക്കായുള്ള പോരാട്ടം തുടരുമെന്നും വിനേഷ് വ്യക്തമാക്കി.
ബ്രിജ്ഭൂഷണെതിരായ സമരത്തിന്റെ നേതൃത്വനിരയിലുണ്ടായിരുന്ന വിനേഷ്, അദ്ദേഹത്തെ സംരക്ഷിക്കാൻ തുടക്കംമുതൽ മുഴുവൻ സംവിധാനവും സർക്കാരും ശ്രമിച്ചുവെന്നും ആരോപിച്ചു. “ഞങ്ങൾ അപ്പീൽ പോകാനുള്ള തയ്യാറെടുപ്പിലാണ്. പ്രതീക്ഷ കൈവിട്ടിട്ടില്ല. അവസാനം വരെ പോരാടും,” എന്നും വിനേഷ് പറഞ്ഞു.
ആറ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ്ഭൂഷൺ സിങ്ങിനും മുൻ സെക്രട്ടറി വിനോദ് തോമറിനുമെതിരെ ലൈംഗിക പീഡന പരാതി നൽകിയത്. പോലീസ് കേസ് എടുക്കാൻ തയ്യാറാകാത്തതിനെ തുടർന്ന് 2023 ജനുവരിയിൽ ഗുസ്തി താരങ്ങൾ ജന്തർ മന്തറിൽ പ്രതിഷേധിച്ചിരുന്നു. തുടർന്ന് ബ്രിജ്ഭൂഷണെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാതിക്രമം, പിന്തുടർന്ന് ശല്യം ചെയ്യൽ, ക്രിമിനൽ ഭീഷണി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഡൽഹി പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രായപൂർത്തിയാകാത്ത ഗുസ്തി താരത്തിന്റെ പരാതിയിൽ പോക്‌സോ കേസ് രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പിന്നീട് പരാതി പിൻവലിച്ചിരുന്നു.
2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഡബ്ല്യുഎഫ്ഐ ഓഫീസിലും ബ്രിജ്ഭൂഷണിന്റെ ഔദ്യോഗിക വസതിയിലും വിദേശയാത്രകൾക്കിടയിലും ലൈംഗികാതിക്രമം നടന്നെന്നായിരുന്നു പരാതിക്കാരുടെ ആരോപണം. വനിതാ ഗുസ്തി താരങ്ങൾക്കായി സീനിയർ അഭിഭാഷക റെബേക്ക ജോണും ബ്രിജ്ഭൂഷൺ സിങ്ങിനായി അഭിഭാഷകൻ രാജീവ് മോഹനും ഹാജരായി.
വിചാരണ ആരംഭിച്ച് രണ്ട് വർഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി പ്രസ്താവിച്ചത്.
















































