റായ്ബറേലി: ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഭർത്താവിനൊപ്പം ചേർന്ന് ഭാര്യ തന്റെ പങ്കാളിയെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായി ആരോപണം. മൃതദേഹത്തിൽനിന്ന് ദുർഗന്ധം പുറത്തുവന്നതോടെ ഗ്രാമവാസികൾക്ക് സംശയം തോന്നുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. കേസിൽ റീത്ത എന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഭർത്താവ് രാം പ്രകാശ് ഒളിവിലാണ്. അമിത് റൈദാസ് ആണ് കൊല്ലപ്പെട്ടത്.
2016ലാണ് ഭദോഖർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാം പ്രകാശും റീത്തയും വിവാഹിതരായത്. ദമ്പതികൾക്ക് രണ്ട് ആൺമക്കളുണ്ട്. 2020ൽ ഭർത്താവുമായി പിണങ്ങിയ റീത്ത സ്വന്തം വീട്ടിലേക്ക് താമസം മാറി. ഇതിനിടെയാണ് അമിത് റൈദാസുമായി അടുപ്പത്തിലാകുന്നത്. റീത്തയുടെ സഹോദരങ്ങൾ മരിച്ചതോടെ വീട്ടിൽ ഒറ്റയ്ക്കായിരുന്ന റീത്തയ്ക്കൊപ്പം അമിത് താമസിക്കാൻ തുടങ്ങി. പിന്നീട് ഇവർക്ക് ഒരു മകളും ജനിച്ചു.
അടുത്തിടെ റീത്ത വീണ്ടും ഭർത്താവ് രാം പ്രകാശുമായി അടുക്കുകയായിരുന്നു. രാം പ്രകാശ് ഇടയ്ക്കിടെ റീത്തയെ കാണാൻ വീട്ടിലെത്തിയിരുന്നതായും പോലീസ് പറയുന്നു. ജൂലൈ 29ന് രാത്രി അമിത് റീത്തയുടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് രാം പ്രകാശ് അവിടെയെത്തിയത്. തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി.
തുടർന്ന് രാം പ്രകാശും റീത്തയും ചേർന്ന് അമിത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചെന്നാണ് പോലീസിന്റെ കണ്ടെത്തൽ. ഇരുവരും ചേർന്ന് റീത്തയുടെ സാരി ഉപയോഗിച്ച് അമിത്തിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിൽ തന്നെ കുഴിച്ചുമൂടിയെന്നാണ് കേസ്.
സംഭവത്തിന് പിന്നാലെ ഒന്നും സംഭവിച്ചിട്ടില്ലെന്ന രീതിയിൽ ഇരുവരും പെരുമാറി. എന്നാൽ ദിവസങ്ങൾക്കുശേഷം വീടിനുള്ളിൽനിന്ന് ദുർഗന്ധം പുറത്തുവരാൻ തുടങ്ങി. ഇതോടെ ഗ്രാമവാസികൾക്ക് സംശയം തോന്നി. റീത്തയെ ചോദ്യം ചെയ്തപ്പോൾ ഭയന്നുപോയ യുവതി ഗ്രാമത്തലവനോട് കുറ്റം സമ്മതിച്ചതായും തുടർന്ന് പോലീസിൽ വിവരം അറിയിച്ചതായും അധികൃതർ പറഞ്ഞു.
പോലീസ് സ്ഥലത്തെത്തി വീടിന്റെ തറ കുഴിച്ച് മൃതദേഹം പുറത്തെടുത്തു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. അമിത്തിന്റെ സഹോദരൻ രഞ്ജിത് റൈദാസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
റീത്തയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന രാം പ്രകാശിനായി തിരച്ചിൽ തുടരുകയാണ്. കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യങ്ങളും സംഭവത്തിന്റെ മറ്റു വിശദാംശങ്ങളും കണ്ടെത്താൻ പോലീസ് അന്വേഷണം തുടരും.


















































