തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകൾ ഒഴികെ 12 ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വടക്കൻ ജില്ലകളിൽ മഴ ശക്തമാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തീരദേശ, മലയോര മേഖലകളിലുള്ളവർ പ്രത്യേക കരുതൽ സ്വീകരിക്കണം. നാളെയോടെ മഴയുടെ ശക്തി കുറയുമെന്നാണ് പ്രതീക്ഷ.
സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുന്നതിനിടെ മരണസംഖ്യ എട്ടായി. പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് ജില്ലകളിലെ മലയോര മേഖലകളിൽ രാത്രിയുണ്ടായ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
കോട്ടയം, ഇടുക്കി ജില്ലകളിലുണ്ടായ മണ്ണിടിച്ചിലിലും ഉരുൾപൊട്ടലിലുമായി നാല് പേർ മരിച്ചു. പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്ത് ഉരുൾപൊട്ടലിൽ വീട് തകർന്നാണ് 24കാരനായ ജോസഫിൻ ജോണിയും അമ്മ റെജീനയും മരിച്ചത്. ഇടുക്കി അടൂർമലയിലുണ്ടായ ഉരുൾപൊട്ടലിൽ കുടയത്തൂർ സ്വദേശി സുമതിയും മരിച്ചു.
മലപ്പുറത്ത് തോട്ടിലെ ഒഴുക്കിൽപ്പെട്ട് രണ്ട് കുട്ടികൾ മരിച്ചു. വണ്ടൂർ എറിയാട് തോട്ടിൽ വീണാണ് മൂന്ന് വയസ്സുകാരൻ അബ്ദുൽ മുഹൈനി മരിച്ചത്. കൊണ്ടോട്ടി നീറാട് തോട്ടിൽ വീണ നാല് വയസ്സുകാരൻ ആദം അയ്മനും മരിച്ചു.
ഇടുക്കി കോലാഹലമേട്ടിൽ വീടിനു മുകളിൽ മണ്ണിടിഞ്ഞുവീണ് വൈക്കം സ്വദേശി പ്രഭാകരൻ നായരും മരിച്ചു. വയനാട് പടിഞ്ഞാറത്തറയിൽ കുളത്തിൽനിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മാഞ്ഞൂർ സ്വദേശി ബെന്നി മരിച്ചത്.
അതിനിടെ, കൊല്ലം നീണ്ടകരയിൽ ഇന്നലെ വള്ളം മറിഞ്ഞ് കാണാതായ പുത്തൻതുറ സ്വദേശി രാധാകൃഷ്ണന്റെ മൃതദേഹം കണ്ടെത്തി. അപകടത്തിൽ കാണാതായ മറ്റൊരാൾക്കായി തിരച്ചിൽ തുടരുകയാണ്.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മലയോര, തീരദേശ മേഖലകളിൽ പ്രത്യേക ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്.


















































