തിരുവനന്തപുരം: സ്വത്തുവിവരം തെരഞ്ഞെടുപ്പ് കമ്മീഷനിൽനിന്ന് മറച്ചുവെച്ച് സത്യവാങ്മൂലം നൽകിയെന്നാരോപിച്ച് നേമം എംഎൽഎ രാജീവ് ചന്ദ്രശേഖരന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി ശബരീനാഥൻ ഹൈക്കോടതിയെ സമീപിച്ചു. ബെംഗളൂരുവിലെ 200 കോടിയോളം രൂപയുടെ ആസ്തി സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയില്ലെന്നാണ് ആരോപണം.
മൂന്ന് ഇടങ്ങളിലെ സ്ഥാവര സ്വത്തുക്കളുടെ വിവരങ്ങൾ മനഃപൂർവം മറച്ചുവെച്ചത് ചട്ടലംഘനമാണെന്നും അതിനാൽ രാജീവ് ചന്ദ്രശേഖരനെ അയോഗ്യനാക്കണമെന്നും തെരഞ്ഞെടുപ്പ് ഹർജിയിൽ ആവശ്യപ്പെടുന്നു.
പത്രിക സമർപ്പിക്കുന്ന സമയത്ത് ഇക്കാര്യം വരണാധികാരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും തെരഞ്ഞെടുപ്പ് കേസ് നൽകാനാണ് നിർദേശിച്ചതെന്നും ശബരീനാഥൻ ഹർജിയിൽ പറയുന്നു.
അതേസമയം, കഴക്കൂട്ടത്തെ ബിജെപി സ്ഥാനാർഥി വി. മുരളീധരന്റെ തെരഞ്ഞെടുപ്പ് വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും ഹൈക്കോടതിയെ സമീപിച്ചു. വ്യക്തിപരമായ ആക്ഷേപങ്ങൾ തനിക്കെതിരെ ഉന്നയിച്ചാണ് വി. മുരളീധരൻ വിജയിച്ചതെന്നാണ് ഹർജിയിലെ ആരോപണം.
ഇരു തെരഞ്ഞെടുപ്പ് ഹർജികളും നിയമപരമായി നിലനിൽക്കുമോയെന്നാണ് ഹൈക്കോടതി ആദ്യം പരിശോധിക്കുക.

















































