കൊച്ചി: മരടിൽ യുവാവിനെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ വമ്പൻ ട്വിസ്റ്റ്. തട്ടിക്കൊണ്ടുപോയെന്ന് പരാതിയിൽ പറയുന്ന റിജോ എന്ന യുവാവിനെ നാലര ഗ്രാം എംഡിഎംഎയുമായി ഡാൻസാഫ് സംഘം പിടികൂടി. റിജോയ്‌ക്കൊപ്പം ഉണ്ടായിരുന്ന മറ്റ് മൂന്ന് പേരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് കൊച്ചി മരട് പൊലീസ് സ്റ്റേഷനിൽ യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി ലഭിച്ചത്. റോഡിലൂടെ പോകുന്നതിനിടെ ഒരാളെ സംഘം കാറിൽ കയറ്റിക്കൊണ്ടുപോകുന്നത് കണ്ടെന്ന ഡെലിവറി ബോയിയുടെ പരാതിയിലായിരുന്നു പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് തട്ടിക്കൊണ്ടുപോയതായി പരാതിയിൽ പറയപ്പെട്ട റിജോ ഉൾപ്പെടെ നാല് പേർ പാലാരിവട്ടം പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ലഹരിയുമായി പിടിയിലായത്. ഇവരിൽ സ്ത്രീകളും ഉൾപ്പെടുന്നുണ്ട്.
റിജോയെ കാറിൽ കയറ്റിക്കൊണ്ടുപോയത് ആരാണെന്നും എന്തിനാണെന്നും പൊലീസ് അന്വേഷിച്ചുവരികയാണ്. യുവാവിനെ തട്ടിക്കൊണ്ടുപോയതായി പറയപ്പെടുന്ന സംഘത്തെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്.
മയക്കുമരുന്ന് വിൽപ്പനയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ഒരു സംഘം റിജോയെ തട്ടിക്കൊണ്ടുപോയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. തർക്കം പരിഹരിച്ചതിനെ തുടർന്ന് റിജോ വീട്ടിൽ തിരിച്ചെത്തിയെങ്കിലും, തനിക്കായി പൊലീസ് അന്വേഷണം നടക്കുന്നതായി അറിയാതെയാണ് ഇയാൾ വീണ്ടും പുറത്തിറങ്ങിയത്. ഇതിനിടെയാണ് ലഹരിയുമായി പൊലീസ് പിടികൂടിയത്.
റിജോ ഉൾപ്പെടെ നാല് പേരെ വിശദമായി ചോദ്യം ചെയ്തതോടെ ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതായാണ് സൂചന. ലഹരി വിൽപ്പനയ്ക്ക് പിന്നിൽ വലിയൊരു സംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
റിജോയെ തട്ടിക്കൊണ്ടുപോയ സംഘത്തെ കണ്ടെത്താനുള്ള ശ്രമവും പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിൽ അന്വേഷണം തുടരുകയാണ്.






