ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ഡൽഹിയിൽ നടന്ന വിദ്യാർഥി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിഷേധക്കാർക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കാൻ ഡൽഹി സർക്കാർ ഉത്തരവിട്ടു. പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാനാണ് തീരുമാനം. ഇതുവരെ ഡൽഹി പൊലീസ് 13 എഫ്.ഐ.ആറുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ആഭ്യന്തര വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
സുപ്രീംകോടതിയുടെ ഉത്തരവും നിലവിലുള്ള എഫ്.ഐ.ആറുകളും വിശദമായി പരിശോധിച്ച ശേഷമാണ് കേസുകളിൽ തുടർനടപടികൾ വേണ്ടെന്ന തീരുമാനത്തിലെത്തിയതെന്ന് സർക്കാർ വ്യക്തമാക്കി. മുൻ ക്രിമിനൽ പശ്ചാത്തലമില്ലാത്ത വിദ്യാർഥികൾക്കെതിരെ ക്രിമിനൽ നടപടികൾ തുടരേണ്ടതില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
ലെഫ്റ്റനന്റ് ഗവർണറുടെ നിർദേശപ്രകാരമാണ് ഉത്തരവിറക്കിയതെന്നും സർക്കാർ അറിയിച്ചു. വിദ്യാർഥികൾക്കെതിരായ നിയമനടപടികൾ അവസാനിപ്പിക്കാൻ മറ്റ് ചില സംസ്ഥാനങ്ങളും നേരത്തേ സമാന തീരുമാനങ്ങൾ സ്വീകരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഡൽഹി സർക്കാരും കേസുകൾ പിൻവലിക്കാൻ തീരുമാനിച്ചത്.

















































