ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലുണ്ടായ പ്രതിഷേധങ്ങളിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് വിവിധ വിദ്യാർഥി സംഘടനകൾ ജന്തർ മന്തറിലേക്ക് മാർച്ച് നടത്തി. എസ്.എഫ്.ഐ., എ.ഐ.എസ്.എഫ്., ഐ.സി.എസ്.എ. ഉൾപ്പെടെയുള്ള നിരവധി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടന്ന സമരം സിജെപി നേരത്തേ അവസാനിപ്പിച്ചതിനെതിരെയും പ്രതിഷേധക്കാർ വിമർശനമുന്നയിച്ചു. നേരത്തെ സിജെപിക്കൊപ്പം സമരത്തിൽ പങ്കെടുത്തിരുന്ന വിദ്യാർഥി സംഘടനകളാണ് ഇത്തവണ സംഘടനയുടെ നിലപാടിനെതിരെ രംഗത്തെത്തിയത്.
സർക്കാരിൽ നിന്ന് വ്യക്തമായ ഉറപ്പുകൾ ലഭിക്കുന്നതിന് മുമ്പും കസ്റ്റഡിയിലുള്ള മുഴുവൻ വിദ്യാർഥികളെയും മോചിപ്പിക്കാതെയും സമരം പിൻവലിക്കാൻ സിജെപി തീരുമാനിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്ന് വിദ്യാർഥി സംഘടനകൾ ആരോപിച്ചു. കസ്റ്റഡിയിലുള്ളവരുടെ മോചനം ഉറപ്പാക്കാതെ ഒത്തുതീർപ്പിന് തയ്യാറായത് വിദ്യാർഥി സമൂഹത്തോടുള്ള വഞ്ചനയാണെന്നും അവർ വിമർശിച്ചു.
കസ്റ്റഡിയിലുള്ള എല്ലാ വിദ്യാർഥികളെയും ഉടൻ മോചിപ്പിക്കണമെന്നതാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. അതേസമയം, ബുധനാഴ്ച നടന്ന ജന്തർ മന്തർ മാർച്ചിൽ സിജെപി നേതാക്കളോ പ്രവർത്തകരോ പങ്കെടുത്തില്ല.
സുപ്രീം കോടതിയുടെ നിർദേശപ്രകാരം പ്രതിഷേധം വൈകിട്ട് അഞ്ച് മണിയോടെ അവസാനിപ്പിച്ചതായി വിദ്യാർഥി സംഘടനകൾ അറിയിച്ചു.



















































