ന്യൂഡൽഹി: വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്കായി പ്രധാനമന്ത്രി രൂപീകരിച്ച സമിതിയംഗങ്ങളെ രൂക്ഷമായി പരിഹസിച്ച് പ്രിയങ്ക ഗാന്ധി എംപി രംഗത്ത്. സമിതിയിലെ അംഗങ്ങൾക്കിടയിൽ ഒരു ഗോമൂത്ര വിദഗ്ധനുണ്ടെന്ന് പരിഹസിച്ച പ്രിയങ്ക, വിദ്യാഭ്യാസമേഖലയെ പരിഷ്കരിക്കാൻ ഈ സമിതിക്ക് എന്ത് ചെയ്യാനാകുമെന്ന് പാർലമെൻറിൽ ചോദിച്ചു.
അതേസമയം പേരെടുത്ത് പറയാതെയാണ് പരാമർശമെങ്കിലും ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെ ലക്ഷ്യമിട്ടാണ് പ്രിയങ്കയുടെ പരിഹാസമെന്ന് ബിജെപി എംപിമാർ തിരിച്ചടിച്ചു. മുൻ ഐബി ചീഫ്, മുൻ ഐടി കമ്പനിയുടമ, ഗോമൂത്ര വിദഗ്ധനായ മറ്റൊരാളും, ഈ സമിതിക്ക് നമ്മുടെ വിദ്യാഭ്യാസമേഖലയിൽ എന്ത് സംഭാവനകളാണ് നൽകാൻ സാധിക്കുകയെന്നായിരുന്നു പ്രിയങ്കയുടെ ചോദ്യം.
‘വിദ്യാഭ്യാസമേഖലയിലെ പരിഷ്കരണങ്ങൾക്കായി രൂപീകരിച്ചതായിരുന്നു രാധാകൃഷ്ണൻ കമ്മിറ്റിയും. എന്നിട്ടെന്തായി, അവർക്കൊന്നും ചെയ്യാൻ സാധിച്ചില്ലല്ലോ. ഇപ്പോഴിതാ, ഈ കമ്മിറ്റിയിൽ ഒരു മുൻ ഐബി തലവൻ, ഐടി കമ്പനിയുടെ ഉടമയും കൂടെയൊരു ഗോമൂത്ര വിദഗ്ധനും. വിദ്യാഭ്യാസത്തെ കുറിച്ച് ഇവർക്കെന്തറിയാം?’…
അതേസമയം സഭയിലെ ആരുടേയും പേര് എടുത്തുപറഞ്ഞുകൊണ്ടായിരുന്നില്ല പ്രിയങ്കയുടെ പരാമർശം. എങ്കിലും, ഐഐടി മദ്രാസ് ഡയറക്ടർ വി. കാമകോടിയെയാണ് ലക്ഷ്യമിട്ടതെന്ന് സംസാരം ഉയരുകയായിരുന്നു. ഗോമൂത്രത്തിൽ ഒരുപാട് ഔഷധഗുണങ്ങൾ അടങ്ങിയിട്ടുണ്ടെന്ന കാമകോടിയുടെ മുൻ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. അതേസമയം, പ്രഫസർ കാമകോടിയെ പോലെയുള്ള രാജ്യത്തെ പ്രമുഖനായ ഒരു ശാസ്ത്രജ്ഞനെയും അധ്യാപകനെയും പ്രിയങ്ക ഗാന്ധി പരിഹസിച്ചതിൽ വിഷമമുണ്ടെന്ന് അനുരാഗ് ഠാക്കൂർ പ്രതികരിച്ചു. പ്രൈം മിനിസ്റ്റേഴ്സ് അഡ്വൈസറി എഐ ടാസ്ക് ഫോഴ്സിൻറെ മുൻ ചെയർമാൻ കൂടിയാണ് അദ്ദേഹമെന്നും ഠാക്കൂർ ഓർമിപ്പിച്ചു.
‘കാമകോടിക്ക് ആർഎസ്എസുമായി ബന്ധമുണ്ടെങ്കിൽ അതിൽ എന്താണ് തെറ്റ്? യാതൊരു തെറ്റുമില്ലെന്നാണ് ഞാൻ മനസിലാക്കുന്നത്. ഗാന്ധി കുടുംബവും കോൺഗ്രസും നിരന്തരം രാജ്യത്തിൻറെ സംസ്കാരത്തെയും പാരമ്പര്യത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. പ്രിയങ്ക ഗാന്ധിയും സഹോദരനും ഒരേ പാതയിലൂടെയാണ് സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. അവരുടെ തലച്ചോറിൻറെ പ്രവർത്തനത്തെ ബാധിക്കുന്ന എന്തോ വസ്തുവാണ് അവർ കഴിക്കുന്നത്. അതിന് പകരം അൽപം ഗോമൂത്രം കുടിക്കുന്നത് നന്നായിരിക്കും’. ഠാക്കൂർ സഭയിൽ കൂട്ടിച്ചേർത്തു.
അതേസമയം 2025 ജനുവരിയിൽ ചെന്നൈയിലെ ഒരു ഗോശാലയിൽ നടന്ന മാട്ടുപ്പൊങ്കൽ ചടങ്ങിൽ വെച്ചാണ് കാമകോടി വിവാദ പരാമർശമുണ്ടായത്. ഗോമൂത്രത്തിനും ചാണകത്തിനും ആൻറിബയോട്ടിക്ക്, ആൻറിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ടെന്നും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഇത് നല്ലതാണെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒരു സന്യാസിക്ക് കടുത്ത പനി വന്നപ്പോൾ ഗോമൂത്രം കഴിച്ച് 15 മിനിറ്റിനുള്ളിൽ ഭേദമായെന്ന ഒരു കഥയും അദ്ദേഹം പങ്കുവെച്ചു.
പിന്നീട് പ്രസ്താവന വിവാദമായതോടെ, അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ച അഞ്ച് ശാസ്ത്രീയ ഗവേഷണ പ്രബന്ധങ്ങളുടെ അടിസ്ഥാനത്തിലാണ് താനത് പറഞ്ഞതെന്ന് ന്യായീകരിച്ച അദ്ദേഹം താൻ വ്യക്തിപരമായി പഞ്ചഗവ്യം അഥവാ, ചാണകം, ഗോമൂത്രം, പാൽ, തൈര്, നെയ്യ് എന്നിവയുടെ മിശ്രിതം ഉപയോഗിക്കാറുണ്ടായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.


















































