ന്യൂഡൽഹി: യുക്രെയ്‌നിലെ ചോർണോമോർസ്ക് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന ചരക്കുകപ്പലായ എംവി അമിർ1-ൽ (MV AMIR1) കുടുങ്ങിയ 15 ജീവനക്കാരിൽ 13 പേർ ഇന്ത്യൻ നാവികരെന്ന് ഫോർവേഡ് സീമേൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) അറിയിച്ചു. അതുപോലെ തുറമുഖ പ്രദേശത്ത് തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ മൂലം ജീവനക്കാർ ജീവൻ പോലും നഷ്ടപ്പെടുന്ന അവസ്ഥയിലെന്നും ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI) അറിയിച്ചു. എക്സിൽ പ്രസിദ്ധീകരിച്ച അടിയന്തര അഭ്യർത്ഥനയിൽ, “ചോർണോമോർസ്ക് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന എംവി അമിർ1 കപ്പലിലെ 15 ജീവനക്കാരിൽ 13 പേർ ഇന്ത്യൻ പൗരന്മാരാണ്. ആക്രമണങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഇവർ അതീവ അപകടകരമായ സാഹചര്യത്തിലാണ് കുടുങ്ങിയിരിക്കുന്നത്,” എന്നാണ് യൂണിയൻ വ്യക്തമാക്കിയത്.
കപ്പലിന്റെ ചുറ്റുപാടുകളിലേക്കാണ് നിരന്തരം ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടന്നുകൊണ്ടിരിക്കുന്നതെന്നും, ഏത് നിമിഷവും നേരിട്ട് ആക്രമണം നേരിടേണ്ടി വരുമെന്ന ഭീതിയിലാണ് ജീവനക്കാർ കഴിയുന്നതെന്നും യൂണിയൻ പറയുന്നു. “ഏതു സമയത്തും നേരിട്ട് ആക്രമണം സംഭവിക്കാമെന്ന ഭയത്തിലാണ് ജീവനക്കാർ. അവരുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടി വേണം,” എന്നും പ്രസ്താവനയിൽ പറയുന്നു.
അതിനാൽ തന്നെ കപ്പലുടമകളോടും കപ്പലിന്റെ ഫ്ലാഗ് സ്റ്റേറ്റ്, ബന്ധപ്പെട്ട അധികാരികളോടും സർക്കാരിനോടും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും അവരെ ഒഴിപ്പിക്കാനും ഉടനടി ഇടപെടണമെന്ന് എഫ്‌എസ്‌യുഐ ആവശ്യപ്പെട്ടു.. “ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കി അവരെ സുരക്ഷിതമായി നാട്ടിലേക്ക് തിരികെ എത്തിക്കാൻ അടിയന്തര നടപടി വേണം,” എന്നായിരുന്നു സംഘടനയുടെ ആവശ്യം.
ഇതിനിടെ, കരിങ്കടലിൽ (Black Sea) ഇന്ത്യൻ കടൽത്തൊഴിലാളികളുടെ സുരക്ഷയെ കുറിച്ച് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം (MEA) യുക്രെയ്‌നോട് ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഒഡേസ തുറമുഖത്തിന് സമീപം എംവി ഒമോർഫി എന്ന വ്യാപാര കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടർന്ന് ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. കപ്പലിൽ നാല് ഇന്ത്യൻ ജീവനക്കാരുണ്ടായിരുന്നു.
ഈ ആക്രമണത്തെ ശക്തമായി അപലപിച്ച MEA, വ്യാപാര കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ സമുദ്രസുരക്ഷയ്ക്കും, നാവിഗേഷൻ സ്വാതന്ത്ര്യത്തിനും, അന്താരാഷ്ട്ര വ്യാപാരത്തിനും ഗുരുതര ഭീഷണിയാണെന്ന് വ്യക്തമാക്കി. സിവിലിയൻ നാവികരെ കൊണ്ടുപോകുന്ന വാണിജ്യ കപ്പലുകൾ ലക്ഷ്യമിടുന്നില്ലെന്ന് ഉറപ്പാക്കാനും ഇന്ത്യ യുക്രെയ്നിനോട് ആവശ്യപ്പെട്ടു.



















































