ന്യൂഡൽഹി: പിണറായി വിജയൻ സർക്കാരിന്റെ ഭരണകാലത്തെ പ്രവർത്തനരീതിയെയും തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളെയും വിമർശിച്ച് സിപിഎം കേന്ദ്രകമ്മിറ്റിയുടെ തെരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട്. പാർട്ടിക്ക് സർക്കാരിന്മേൽ വേണ്ടത്ര രാഷ്ട്രീയ നിയന്ത്രണം പുലർത്താനായില്ലെന്നും, സർക്കാരും പാർട്ടിയും തമ്മിലുള്ള ഏകോപനക്കുറവ് തിരിച്ചടിയായെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണം പിണറായി വിജയനെ കേന്ദ്രീകരിച്ചാണ് നടന്നതെന്നും, അത് അദ്ദേഹത്തിനെതിരായ വ്യക്തിപരമായ ആക്രമണങ്ങൾക്ക് എതിരാളികൾക്ക് അവസരമൊരുക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ കോൺഗ്രസിനെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ പാർട്ടിക്ക് ആവശ്യമായ അവസരം നഷ്ടമായെന്നും വിലയിരുത്തുന്നു.
കെ.കെ. ശൈലജയെ മണ്ഡലം മാറ്റി മത്സരിപ്പിച്ച തീരുമാനം തെറ്റായ രാഷ്ട്രീയ സന്ദേശമാണ് ജനങ്ങൾക്കിടയിൽ സൃഷ്ടിച്ചതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സ്ഥാനാർഥി നിർണയത്തിൽ ജില്ലാ കമ്മിറ്റികൾക്ക് വീഴ്ച സംഭവിച്ചെന്നും അതിന്റെ ഉത്തരവാദിത്വം സംസ്ഥാന നേതൃത്വം ഏറ്റെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്.
പാർട്ടിയും സർക്കാരും തമ്മിലുള്ള ബന്ധം ദുർബലമായിരുന്നുവെന്നും മന്ത്രിമാർ പ്രവർത്തകരിൽ നിന്ന് അകന്നുവെന്നും നേതാക്കളുടെ ആഡംബര ജീവിതശൈലിയും ജനങ്ങൾക്കിടയിൽ പ്രതികൂല പ്രതിച്ഛായ സൃഷ്ടിച്ചതായും റിപ്പോർട്ടിൽ വിമർശിക്കുന്നു. ഭരണവും സമരവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന പാർട്ടിയുടെ നിലപാട് പ്രാവർത്തികമാക്കുന്നതിലും പാളിച്ചയുണ്ടായതായി വിലയിരുത്തുന്നു.
ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിച്ച ഭരണമായിരുന്നു കഴിഞ്ഞ അഞ്ച് വർഷമെന്ന മുൻകാല അവകാശവാദത്തെയും റിപ്പോർട്ട് ചോദ്യം ചെയ്യുന്നു. പാർട്ടിയുടെ യുവജന സംഘടനകൾക്ക് സാധാരണക്കാരുടെ പ്രശ്നങ്ങളിൽ ഫലപ്രദമായി ഇടപെടാനായില്ലെന്നും റിപ്പോർട്ട് പറയുന്നു.
ലെനിന്റെയും പി. കൃഷ്ണപിള്ളയുടെയും നിലപാടുകൾ ഉദാഹരിച്ച്, തെറ്റുകൾ തുറന്നുപറയാനും സ്വയംവിമർശനത്തിന് തയ്യാറാകാനും സംസ്ഥാന നേതൃത്വത്തോട് കേന്ദ്രകമ്മിറ്റി റിപ്പോർട്ട് ആവശ്യപ്പെടുന്നു.

















































