ന്യൂഡൽഹി: ഡൽഹിയിലെ സിജെപി പ്രതിഷേധത്തിനിടെ യുവാക്കൾക്കു നേരെ പോലീസ് പ്രയോഗിച്ച പെല്ലറ്റ് ആക്രമണത്തെ എതിർത്തും ന്യായീകരിച്ചും പല വാർത്തകളും പുറത്തുവരുമ്പോൾ പെല്ലറ്റ് ആക്രമണത്തിനിരയായവരുടെ വാർത്തകളാണ് ദേശീയ മാധ്യമങ്ങളിൽ ഇടം പിടിക്കുന്നത്. അതിൽ ഒന്നര വയസുകാരൻ തുടങ്ങി 14 വയസുകാരിയിൽ വരെ എത്തി നിൽക്കുന്നു. 2016-ൽ കാശ്മീരിൽ ഉണ്ടായ കലാപകാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേറ്റപ്പോൾ, പെല്ലറ്റ് വെടിയേറ്റവരുടെ എണ്ണം മാത്രം ഏകദേശം 6,000 ആയിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു.
ജമ്മു കാശ്മീരിലെ പെല്ലറ്റ് ആക്രമണങ്ങളുടെ ക്രൂരതയ്ക്ക് ജീവിച്ചിരിക്കുന്ന സാക്ഷ്യമായി മാറിയ ആളാണ് ഇൻഷാ മുഷ്താഖ്. 14-ാം വയസ്സിൽ ഒരു പെല്ലറ്റ് ആക്രമണത്തിൽ കാഴ്ചശക്തി മുഴുവനായി നഷ്ടപ്പെട്ട ഇൻഷയുടെ ജീവിതകഥ, ഇന്ന് വീണ്ടും ദേശീയ ശ്രദ്ധയിൽ എത്തുകയാണ്. ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി ഉയർന്ന ആരോപണങ്ങളാണ് പഴയ ദുരന്തങ്ങളെ വീണ്ടും ചർച്ചയാക്കിയത്.
2016-ൽ കാശ്മീരിൽ ഉണ്ടായ കലാപകാലത്ത് ആയിരക്കണക്കിന് ആളുകൾക്ക് പരുക്കേറ്റപ്പോൾ, പെല്ലറ്റ് വെടിയേറ്റവരുടെ എണ്ണം മാത്രം ഏകദേശം 6,000 ആയിരുന്നു. മൊത്തം 12,000 പേർക്ക് പരുക്കേറ്റ ഈ സംഭവങ്ങളെ അന്താരാഷ്ട്ര മാധ്യമങ്ങൾ “കണ്ണുകൾ നശിപ്പിക്കുന്ന മഹാമാരി” എന്നാണ് വിശേഷിപ്പിച്ചത്.
ഇൻഷാ അന്ന് പ്രതിഷേധത്തിൽ പങ്കെടുത്തവളല്ലായിരുന്നു. വീട്ടിലെ ജനലിന് അരുകിലിരുന്ന് എട്ടാം ക്ലാസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അവളുടെ ജീവിതം ഒരു നിമിഷത്തിൽ ഇരുട്ടായി മാറിയത്. സുരക്ഷാസേന നടത്തിയ പെല്ലറ്റ് വെടിവെയ്പ്പിൽ അവളുടെ കണ്ണുകൾക്ക് ഗുരുതരമായി പരുക്കേറ്റു. നിരവധി ശസ്ത്രക്രിയകൾ നടത്തിയിട്ടും കാഴ്ച തിരികെ ലഭിച്ചില്ല.
ഇപ്പോൾ 24 വയസുള്ള ഇൻഷാ, കാഴ്ച ഇല്ലെങ്കിലും പഠനം തുടരുകയാണ്. ബ്രെയിൽ ലിപിയിലും സ്ക്രീൻ റീഡർ പോലുള്ള സാങ്കേതിക വിദ്യകളിലും ആശ്രയിച്ചാണ് അവൾ ബിരുദ പഠനം നടത്തുന്നത്. മാതാപിതാക്കളുടെയും ഒരു സന്നദ്ധസംഘടനയുടെയും പിന്തുണയാണ് അവളെ മുന്നോട്ട് നയിക്കുന്നത്. എന്നാൽ, 2016 ജൂലൈ 11-നുണ്ടായ ആക്രമണത്തിന്റെ മാനസികവും ശാരീരികവുമായ ആഘാതം ഇന്നും അവളെ വിട്ടൊഴിഞ്ഞിട്ടില്ല. ശരീരത്തിൽ 100-ത്തിലധികം പെല്ലറ്റ് മുറിവുകളും മുഖത്തും തലച്ചോറിനും ഗുരുതര പരുക്കുകളും അവൾക്ക് സംഭവിച്ചിരുന്നു.
സർക്കാർ പിന്തുണയുടെ പശ്ചാത്തലത്തിൽ ഇൻഷയുടെ കേസ് അപൂർവമായിരുന്നു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള അന്നത്തെ സംസ്ഥാന സർക്കാർ അവളുടെ പിതാവ് മുഷ്താഖ് അഹമ്മദിന് ജോലി നൽകി. എന്നാൽ ഒരു അന്വേഷണവും നടന്നില്ല. ഇൻഷയുടെ കുടുംബത്തിന് അന്ന് സംസ്ഥാന സർക്കാർ ചില സഹായങ്ങൾ നൽകിയിരുന്നെങ്കിലും, മറ്റ് പല പെല്ലറ്റ് ഇരകൾക്കും യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ലെന്നാണ് ആരോപണം.
അതേസമയം കാശ്മീരിലെ ഏറ്റവും ചെറുപ്പം പെല്ലറ്റ് ഇരയായത് ഒന്നര വയസുള്ള ഹിബ എന്ന കുഞ്ഞാണെന്നതും ഈ പ്രശ്നത്തിന്റെ ഗുരുത്വം വ്യക്തമാക്കുന്നു. ഇതിനിടെ, ആർട്ടിക്കിൾ 370 നീക്കിയതിന് ശേഷം കാശ്മീരിലെ സ്ഥിതി മെച്ചപ്പെട്ടതിനാൽ പെല്ലറ്റ് ഗണുകളുടെ ഉപയോഗം ആവശ്യമില്ലെന്നാണ് ബിജെപി നേതാക്കൾ പറയുന്നത്. വിഘടനവാദി ശക്തികളാണ് മുമ്പ് ഇത്തരം പ്രതിഷേധങ്ങൾക്കു പിന്നിലെന്നും അവർ ആരോപിക്കുന്നു.
2010-ലാണ് ജമ്മു കാശ്മീരിൽ പെല്ലറ്റ് ഗൺ അവതരിപ്പിച്ചത്. ലൈവ് ബുള്ളറ്റുകൾക്ക് പകരം “കുറഞ്ഞ മാരകമായ” ആയുധമെന്ന നിലയിലാണ് ഇത് അവതരിപ്പിച്ചെങ്കിലും, പിന്നീട് ആയിരക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച ഒരു ആയുധമായി ഇത് മാറിയെന്നതാണ് യാഥാർത്ഥ്യം.

















































