തിരുവനന്തപുരം: കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ മാധവ് സുരേഷ്. പഞ്ചാബിൽ നടക്കുന്ന അനീതികൾക്കെതിരെ സി.ജെ.പിയും അഭിജിത് ദീപ്‌കെയും പ്രതികരിക്കാത്തതെന്താണെന്ന് മാധവ് സുരേഷ് ചോദിച്ചു. ‘ഇന്ത്യയെ സ്‌നേഹിക്കുന്നതിനേക്കാൾ ബിജെപിയെ വെറുക്കുന്നുവെന്ന് ആളുകൾ തുറന്നുസമ്മതിക്കുന്നുണ്ട്. എനിക്ക് നേരിട്ട് മെസേജ് ലഭിച്ചതും സ്‌ക്രീൻഷോട്ടുകളുമുണ്ട്. പ്രക്ഷോഭത്തിന്റെ വിജയം വിദ്യാർഥികൾക്ക് അവകാശപ്പെട്ടതാണ്, അവർക്കുമാത്രം. അവർ ഉറക്കെ സംസാരിച്ചു, ആവശ്യപ്പെട്ടത് കിട്ടി. ഞാൻ അവരെ എന്നും പിന്തുണച്ചിരുന്നു. ചിലരിപ്പോഴും വിചിത്ര സാധനമായ സി.ജെ.പിയിൽ പറ്റിപ്പിടിച്ചിരിക്കുകയാണ്. ബി.ജെ.പിയെ വെറുക്കുന്നു എന്നതുമാത്രമാണ് അതിന്റെ കാരണം. അതൊരു വലിയ പ്രശ്‌നമാണ്, നിങ്ങൾ എന്റെ ഡി.എമ്മിൽ വന്ന് എത്ര കുരച്ചാലും അത് പ്രശ്‌നമായി തുടരും’, മാധവ് പങ്കുവെച്ച ഇൻസ്റ്റഗ്രാം പോസ്റ്റിൽ കുറിച്ചു.
‘രാഷ്ട്രീയ കക്ഷികൾ എന്ന ആശയത്തോട് തന്നെ ഞാൻ എതിരാണ്. എല്ലാ പാർട്ടികളേയും ഞാൻ വിമർശിച്ചിട്ടുണ്ട്, എന്റെ അച്ഛൻ ഭാഗമായ പാർട്ടിയെ ഉൾപ്പെടെ. സി.ജെ.പിക്ക് ആരാണ് പണം നൽകുന്നതെന്ന് അന്വേഷിക്കുക. കഴിഞ്ഞ 15 വർഷമായി ആരാണ് അവരുടെ ഫണ്ടർമാർ. എന്തുകൊണ്ടാണ് ഈ ‘ജനങ്ങളുടെ രക്ഷകർ’ ആർക്കെതിരെയാണോ പ്രതികരിക്കുന്നത് എന്നുമാത്രം നോക്കി സെലക്ടീവ് ആവുന്നത്? എന്തുകൊണ്ടാണ് ഈ ഹീറോകളെ സമരത്തിൽ എവിടെയും കാണാതിരുന്നത്? വാങ്ചുക്കിന്റെയും വിദ്യാർഥികളുടെയും പ്രതിഷേധത്തിനിടെ അവർ എങ്ങനെയാണ് സ്വന്തം പി.ആർ. നടത്തിയത്?’, നടൻ ചോദിച്ചു. ‘കണ്ണുതുറക്കൂ. ഞാൻ ആദ്യം പറഞ്ഞ കാര്യം സമ്മതിക്കുന്ന വിചിത്രമായ ആളുകളെ കൈകാര്യം ചെയ്യുകയായിരുന്നു. അവർ തർക്കത്തിൽ വിജയിക്കുകയാണെന്ന വ്യാജേന എന്നോട് ചിലക്കുകയാണ്. നിങ്ങൾ സർക്കാരുകളെ വെറുത്തോളൂ, പക്ഷേ ആരെയെങ്കിലും അന്ധമായി വിശ്വസിക്കാൻ മാത്രം രാജ്യത്തെ വെറുക്കരുത്’, മാധവ് തന്റെ നിലപാട് വ്യക്തമാക്കി.
‘പഞ്ചാബിലെ അസംബന്ധങ്ങൾക്കെതിരെ കോക്രോച്ചുകൾ എപ്പോൾ പ്രതികരിക്കും? അതോ ബി.ജെ.പിക്കെതിരായ വിദ്യാഭ്യാസ- വിദ്യാർഥി വിഷയങ്ങളിൽ മാത്രമേയുള്ളോ? എ.എ.പിക്കെതിരെയാവുമ്പോൾ അവരുടെ നട്ടെല്ലിന്റെ ശക്തി ചോർന്നുപോകുമോ? നിങ്ങളുടെ ഹീറോകൾ ഇപ്പോൾ എവിടെയാണ്? (കാരണം ഭൂരിഭാഗം ആളുകളും അവരുടെ രക്ഷകരാണിവർ എന്ന് ചിന്തിക്കുന്നു). എന്തുകൊണ്ടാണ് ഏവരും നിശബ്ദരായത്. ബിജെപി സർക്കാർ ശരിയായ നടപടിയെടുത്തു. ആ വസ്തുത ചിലർക്ക് ദഹിക്കില്ലെന്ന് എനിക്കുറപ്പാണ്. എന്നാൽ, പഞ്ചാബിലെ വിദ്യാർഥികളുടെ പ്രശ്‌നം ഇപ്പോഴും നിലനിൽക്കുന്നു. ഈ പ്രസ്ഥാനത്തെ പിന്തുണച്ച രാഷ്ട്രീയപ്പാർട്ടി ഏതാണെന്ന് വ്യക്തമാവാൻ ഈ തെളിവ് മാത്രം പോരേ?. വിദ്യാർഥികളെ അവരുടെ ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. ഇതിനെക്കുറിച്ചാണ് ഞാൻ എപ്പോഴും സംസാരിച്ചത്’, മാധവ് വ്യക്തമാക്കി.

















































