പട്ന: ബിഹാറിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാരായ വിദ്യാർഥികൾക്ക് നേരെ എകെ 47 തോക്ക് ഉപയോഗിച്ച പൊലീസ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തു. ജൂലൈ 25ന് സിവാൻ ജില്ലയിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് ഉദ്യോഗസ്ഥൻ തോക്ക് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്നാണ് നടപടി. വിഡിയോ ദൃശ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്യാൻ ഉത്തരവിടുകയുമായിരുന്നു. സംസ്ഥാനവ്യാപകമായി വിദ്യാർഥി സംഘടനകൾ ആഹ്വാനം ചെയ്ത ബന്ദിൽ വിവിധ ജില്ലകളിൽ വൻതോതിലുള്ള പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. പലയിടങ്ങളിലും പ്രതിഷേധക്കാരും പൊലീസും തമ്മിൽ ശക്തമായ ഏറ്റുമുട്ടലുകളുണ്ടായി.
സംഘർഷത്തിൽ പരുക്കേറ്റ് പട്നയിലെ ജയപ്രഭ മേദാന്ത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മൂന്ന് വിദ്യാർഥിളുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പരുക്കേറ്റവരിൽ 15 വയസ്സുകാരനായ മുഹമ്മദ് ആരിഫും ഉൾപ്പെടുന്നു. ഒരു പ്രാദേശിക കടയിൽ ജോലി ചെയ്യുന്ന ആരിഫ്, ബന്ദിനെ തുടർന്ന് കടയടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കഴുത്തിൽ വെടിയേറ്റതെന്ന് ബന്ധുക്കൾ പറഞ്ഞു. അടിയന്തര ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു. എകെ 47 ഉപയോഗിച്ച സംഭവത്തിൽ വിശദമായ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
തോക്ക് ഉപയോഗിച്ചത് പൊലീസ് പ്രോട്ടോക്കോൾ പ്രകാരമാണോ എന്ന് അന്വേഷണത്തിൽ പരിശോധിക്കും. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ അച്ചടക്ക – നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. സംസ്ഥാനവ്യാപക ബന്ദിന്റെ ഭാഗമായി വൻതോതിൽ തടിച്ചുകൂടിയ വിദ്യാർഥികൾ നഗരത്തിൽ നിന്ന് ഗാന്ധി മൈതാനിലേക്ക് മാർച്ച് നടത്തിയിരുന്നു. വിദ്യാർഥികൾ മുദ്രാവാക്യം വിളിക്കുന്നതിനിടയിൽ പൊലീസും പ്രതിഷേധക്കാരും തമ്മിൽ തർക്കമുണ്ടായതാണ് സ്ഥിതിഗതികൾ വഷളാക്കിയതും വെടിവയ്പ്പിലേക്ക് നയിച്ചതും.


















































