ആലപ്പുഴ: മകന്റെ ഭാര്യയായി വരുന്ന ആൾക്ക് കുടുംബത്തിന്റെ പരമ്പരാഗത രുചിക്കൂട്ടുകളും അടുക്കള സംസ്കാരവും കൈമാറണമെന്ന പരാമർശവുമായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചെങ്ങന്നൂരിൽ നടന്ന പമ്പ ഫെസ്റ്റിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനം ശക്തമായി.
ചില അമ്മമാർ തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുടെ രുചിക്കൂട്ടുകൾ അടുത്ത തലമുറയിലേക്ക് കൈമാറപ്പെടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി, പരമ്പരാഗതമായ അറിവുകളും ഭക്ഷണ സംസ്കാരവും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയാണ് വിശദീകരിച്ചത്.
“ചില അമ്മമാർക്ക് അവർ മാത്രം തയ്യാറാക്കുന്ന പ്രത്യേക വിഭവങ്ങളുണ്ടാകും. അത് മക്കൾക്കോ മകന്റെ ഭാര്യയ്ക്കോ പകർന്നുനൽകണം. തലമുറകളിലേക്ക് കൈമാറേണ്ട അറിവുകൾ സംരക്ഷിക്കപ്പെടണം” എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ഭക്ഷണം ഒരു സംസ്കാരത്തിന്റെ ഭാഗമാണെന്നും കൂട്ടായ്മകളിലൂടെയാണ് മനുഷ്യസമൂഹം മുന്നോട്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. പാരമ്പര്യമായി ലഭിച്ച കലകളും അറിവുകളും അടുത്ത തലമുറയിലേക്ക് കൈമാറേണ്ടതുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, വീട്ടുജോലികളിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ലെന്ന ആശയം പാഠപുസ്തകങ്ങളിലൂടെ മുന്നോട്ടുവയ്ക്കുന്ന സാഹചര്യത്തിൽ, ഭക്ഷണ സംസ്കാരം നിലനിർത്തുന്നതിന്റെ ഉത്തരവാദിത്തം മരുമകളുമായി ബന്ധിപ്പിച്ചുള്ള പരാമർശം പഴഞ്ചൻ കാഴ്ചപ്പാടാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാക്കളും സ്ത്രീപക്ഷ പ്രവർത്തകരും വിമർശനവുമായി രംഗത്തെത്തി.

















































