തിരുവനന്തപുരം: കുടുംബവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിച്ചിരുന്ന അച്ഛനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ രണ്ട് മക്കളെ നരുവാമൂട് പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തിരുനെൽവേലി സ്വദേശികളായ ശിവകുമാർ (29), ഹരികൃഷ്ണൻ (23) എന്നിവരാണ് പിടിയിലായത്.
കഴിഞ്ഞ മാസം 26-ന് പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. നരുവാമൂട് പൊലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളംകെട്ടുവിളയിൽ സ്ക്രാപ്പ് ഷോപ്പ് നടത്തി വന്നിരുന്ന മുരുകനെ (55) സാമ്പത്തിക തർക്കത്തെ തുടർന്ന് ഭാര്യയും മൂന്ന് മക്കളും ചേർന്ന് കടയിലെത്തി വെട്ടിപ്പരിക്കേൽപ്പിച്ചതായി പൊലീസ് പറഞ്ഞു.
സംഭവത്തിന് പിന്നാലെ പ്രതികൾ ഒളിവിൽ പോയിരുന്നു. മുരുകൻ മറ്റൊരു വിവാഹം കഴിച്ചതിലുള്ള വിരോധവും കുടുംബത്തിലെ ്ആക്രമണത്തിന് പിന്നിലെ കാരണമെന്ന് പൊലീസ് സംശയിക്കുന്നു.
ആക്രമണത്തിന് പ്രേരണ നൽകിയതായി കരുതുന്ന ഭാര്യ സെൽവിക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.


















































