തിരുവനന്തപുരം: ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച് മുൻ ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ കൊണ്ടുവന്ന തീരുമാനങ്ങളിൽ മാറ്റം വരുത്തി മോട്ടോർ വാഹന വകുപ്പ് പുതിയ സർക്കുലർ പുറത്തിറക്കി. ഡ്രൈവിങ് ടെസ്റ്റുകൾ വൈകുന്നുവെന്ന വ്യാപക പരാതിയെ തുടർന്നാണ് പുതിയ നടപടി.
അടുത്ത മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിലും ഡ്രൈവിങ് ടെസ്റ്റ് നടത്തും. ടെസ്റ്റിനുള്ള പ്രതിദിന സ്ലോട്ടുകളുടെ എണ്ണം 50 ആയും വർധിപ്പിച്ചു. നടപടികൾ നിരീക്ഷിക്കാൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പുതിയ ക്രമീകരണമനുസരിച്ച് 50 സ്ലോട്ടുകളിൽ 28 എണ്ണം പുതിയ ഡ്രൈവിങ് ലൈസൻസ് പരീക്ഷയ്ക്കും 20 എണ്ണം റീ-ടെസ്റ്റിനും രണ്ട് എണ്ണം വിദേശ തൊഴിൽ, വിദേശ പഠനം തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കുമായി മാറ്റിവെക്കും.
പുതിയ സർക്കുലർ പ്രകാരം ബുക്കിങ് തീയതി മുതൽ 30 ദിവസത്തിനകം പുതിയ ഡ്രൈവിങ് ലൈസൻസ് ടെസ്റ്റിനുള്ള സ്ലോട്ട് ലഭ്യമാക്കും. റീ-ടെസ്റ്റിന് എട്ട് ദിവസത്തിനകവും ലേണേഴ്സ് ലൈസൻസ് ടെസ്റ്റിന് മൂന്ന് ദിവസത്തിനകവും സ്ലോട്ട് അനുവദിക്കുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.
കെ.ബി. ഗണേഷ് കുമാർ ഗതാഗത മന്ത്രിയായിരുന്നപ്പോൾ ഡ്രൈവിങ് ടെസ്റ്റ് സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങളാണ് നടപ്പാക്കിയത്. 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ മാത്രമേ ടെസ്റ്റിന് ഉപയോഗിക്കാവൂ, ടെസ്റ്റ് വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കണം തുടങ്ങിയ നിർദേശങ്ങൾ അന്ന് നൽകിയിരുന്നു. ഡ്രൈവിങ് സ്കൂളുകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് വാഹനങ്ങളുടെ പ്രായപരിധി പിന്നീട് 22 വർഷമാക്കി ഉയർത്തുകയും ഇൻസ്ട്രക്ടർ ഗ്രൗണ്ടിൽ നിർബന്ധമായും ഹാജരാകണമെന്ന വ്യവസ്ഥയിൽ ഇളവ് അനുവദിക്കുകയും ചെയ്തിരുന്നു. ടെസ്റ്റുകളുടെ എണ്ണം കുറച്ചതിനെതിരെയും അന്ന് വ്യാപക പ്രതിഷേധമുയർന്നിരുന്നു.


















































