ജയ്പുർ: ഡോക്ടര്‍ക്കെതിരെ ഗുരുതര ആരോപണവുമായി പണം തട്ടിയ കേസില്‍ അറസ്റ്റിലായ യുവതി. തന്നെ അറസ്റ്റ് ചെയ്തത് കള്ളക്കേസിലാണെന്നും, ഡോക്ടർ നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും നഴ്സ് ആരോപിച്ചു. രാജസ്ഥാനിലെ ബാമറിലാണ് സംഭവം. വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കുന്നതിനു തൊട്ടുമുൻപ് റെക്കോർഡ് ചെയ്ത വിഡിയോ സന്ദേശത്തിലാണ് നഴ്സായ കമല ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്. ഡോക്ടർ വർഷങ്ങളായി നൂറിലധികം സ്ത്രീകളെ പീഡിപ്പിച്ചിട്ടുണ്ടെന്നും നഴ്സ് ആരോപിക്കുന്നു.
പല സ്ത്രീകളും ഡോക്ടർക്കെതിരെ പൊലീസിനെ സമീപിച്ചിരുന്നുവെന്നും, എന്നാൽ പണം നൽകി കേസ് ഒതുക്കുകയായിരുന്നുവെന്നും കമല പറഞ്ഞു. ആശുപത്രിയിലെ മറ്റ് രണ്ട് ജീവനക്കാർ ഡോക്ടർക്ക് ഒത്താശ ചെയ്തു നൽകുന്നുണ്ടെന്നും വിഡിയോയിൽ പറയുന്നു. തന്റെ പക്കലുള്ള തെളിവുകൾ പുറത്തുവരാതിരിക്കാനാണ് ഡോക്ടർ ഇപ്പോൾ തനിക്കെതിരെ ബ്ലാക്ക്മെയിലിങ് പരാതി നൽകിയിരിക്കുന്നതെന്നും ഇവർ വാദിക്കുന്നു. 2016 ഡിസംബർ മുതൽ തന്റെ സ്വകാര്യ ആശുപത്രിയിൽ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്തിരുന്ന നഴ്സ് തന്നെ വർഷങ്ങളായി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് 65 കാരനായ ഡോക്ടറുടെ പരാതി.
ചായ ഉണ്ടാക്കാനെന്ന വ്യാജേന നാലാം നിലയിലെ ഡോക്ടറുടെ സ്വകാര്യ മുറിയിൽ കയറിയ നഴ്സ്, ഡോക്ടറുടെ ഫോണിൽ നിന്നും സ്വകാര്യ ചിത്രങ്ങൾ സ്വന്തം ഫോണിലേക്ക് മാറ്റിയെടുത്തു. ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും, വ്യാജ ബലാത്സംഗ കേസിൽ കുടുക്കുമെന്നും, കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. ശമ്പളത്തിനു പുറമേ രണ്ടു കോടിയോളം രൂപ നഴ്സ് തട്ടിയെടുത്തു.
ഇതിൽ 35 ലക്ഷം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴിയാണ് കൈമാറിയത്. കൂടാതെ ഒപ്പിട്ട ബ്ലാങ്ക് ചെക്കുകളും സ്റ്റാംപ് പേപ്പറുകളും നഴ്സ് ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രിയിലെ സിസിടിവി വഴി നഴ്സ് തന്റെ ചലനങ്ങൾ നിരീക്ഷിച്ചിരുന്നുവെന്നും, ലൊക്കേഷൻ അറിയാൻ പ്രത്യേക ഫോണും സിമ്മും നൽകി അത് എപ്പോഴും ഓൺ ചെയ്തുവയ്ക്കാൻ നിർബന്ധിച്ചിരുന്നുവെന്നും ഡോക്ടർ പരാതിയിൽ പറയുന്നു
















































