തൃശൂർ: വേഷംമാറിയെത്തി വയോധികയെ ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ അയൽവാസിയായ യുവതി അറസ്റ്റിൽ. തൃശൂർ സ്വദേശിനിയായ സരിത (41)യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 80-കാരിയായ തങ്കമണിയുടെ മൂന്ന് പവൻ സ്വർണമാലയാണ് യുവതി കവർന്നത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നടന്ന സംഭവത്തിൽ, വയോധികയുടെ തല ചുമരിലിടിച്ച ശേഷമാണ് മാല പൊട്ടിച്ചെടുത്ത് പ്രതി രക്ഷപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ തങ്കമണിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം ഇവരെ വീട്ടിലേക്ക് മാറ്റി. തലയ്ക്ക് ആറ് തുന്നലുകളുണ്ട്.
സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതി രാത്രി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. പിടിവലിക്കിടെ പൊട്ടിയ മാലയുടെ ഭാഗങ്ങളും പോലീസ് കണ്ടെടുത്തു.
രണ്ട് കുട്ടികളുടെ അമ്മയായ സരിത തയ്യൽ തൊഴിലാളിയാണെന്ന് പോലീസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയാണ് മോഷണത്തിലേക്ക് നയിച്ചതെന്നും തിരിച്ചറിയാതിരിക്കാൻ വേഷംമാറിയാണ് എത്തിയതെന്നും ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചതായി പോലീസ് അറിയിച്ചു. സംഭവം അറിഞ്ഞ് ചെന്നൈയിൽ ജോലി ചെയ്യുന്ന ഭർത്താവും നാട്ടിലെത്തിയിട്ടുണ്ട്.



















































