പരിഹസിച്ച് വിളിച്ച ഒരു വാക്ക് നാലുമാസത്തിനിപ്പുറം ഒരു മന്ത്രിയെതന്നെ താഴെയിറക്കാനുള്ള ശക്തിയായി വളർന്നിരിക്കുന്നു… ഒപ്പം പേടിക്കേണ്ടിയിരിക്കുന്നു ഈ തലമുറയെ. അടിയുറച്ച രാഷ്ട്രീയ പ്രത്യയ ശാസ്ത്രത്തിൽ ഊന്നി നിൽക്കാതെ തെറ്റിനെതിരെ തടിച്ചു കൂടുന്ന പുതു തലമുറ ഒരു വാഗ്ദാനമാണ്. നേരിനെ തിരിച്ചറിയാനുള്ള കഴിവ് അവർക്കുണ്ടെന്ന വിളിച്ചു പറച്ചിലാണ് വിദ്യാഭ്യാസ മന്ത്രിയുടെ രാജിയിലൂടെ കണ്ടത്. ഉദ്ദേശിച്ച കാര്യത്തിൽ നിന്ന് തെല്ലിട പോലും പിന്നോട്ടുപോകാതെ ലക്ഷ്യം നേടിയെടുത്ത ജെൻസികൾ…
ഇന്നലെ ജന്തർ മന്തറിലെ സിജെപി (കോക്രോച്ച് ജനതാ പാർട്ടി) പ്രതിഷേധം വൻ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ചുകൊണ്ടുള്ള സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയുടെ വാക്കുകൾ പരിഹാസത്തിൽ നിന്ന് ഒരു പ്രസ്ഥാനത്തിന്റെ ഉദയമാണ് വെളിവാക്കുന്നത്. ഞങ്ങളെ പാറ്റകൾ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി അറിയിക്കുന്നു എന്നായിരുന്നു ദീപ്കെ ധർമേന്ദ്രയുടെ രാജിക്കുപിന്നാലെ പറഞ്ഞത്.
അന്ന് ചീഫ് ജസ്റ്റിസ് അങ്ങനെ ഒരു പരാമർശം നടത്തിയിരുന്നില്ലെങ്കിൽ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയോ ഈ ജനകീയ പ്രസ്ഥാനം ആരംഭിക്കുകയോ ചെയ്യില്ലായിരുന്നുവെന്നും ദീപ്കെ പറഞ്ഞു. കേവലം രണ്ടുമാസം മാത്രം പ്രായമുള്ള ഒരു കൂട്ടായ്മയാണ് മോദി സർക്കാരിനെ സമാനതകളില്ലാത്ത വിധം പിടിച്ചു കുലുക്കിയത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ പരാമർശത്തോടുള്ള പ്രതിഷേധമായി മേയ് 23-നാണ് കോക്രോച്ച് ജനതാ പാർട്ടി എന്ന ആക്ഷേപ ഹാസ്യ ഓൺലൈൻ കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്.
തൊഴിലില്ലാത്ത ചില യുവാക്കൾ മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകളുമായി ചമഞ്ഞ് സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവർ കോക്രോച്ചുകളും പരാന്നഭോജികളുമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്ന വൻ കൂട്ടായ്മയാണ് ഇപ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തെ തന്നെ പിടിച്ചുലയ്ക്കുന്ന വിധത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടത്.


















































