തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെയും ചില യൂട്യൂബ് ചാനലുകളിലൂടെയും പ്രചരിച്ച വ്യാജ വാർത്തകൾക്കും അപകീർത്തികരമായ പ്രചാരണങ്ങൾക്കുമെതിരെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി നൽകിയ പരാതിയിൽ സർക്കാർ നടപടി ആരംഭിച്ചു. പരാതിയിൽ കർശന നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി വി.ഡി സതീശൻ നിർദേശം നൽകി. പരാതി ആഭ്യന്തര വകുപ്പിന് കൈമാറി.
വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ മാപ്പില്ലെന്നും മാനനഷ്ടക്കേസ് ഉൾപ്പെടെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും പി.കെ. ശ്രീമതി നേരത്തേ വ്യക്തമാക്കിയിരുന്നു. പരാതി നൽകിയതിന് പിന്നാലെ വ്യാജ വാർത്ത നൽകിയ പലരും വിളിച്ച് മാപ്പ് ചോദിക്കുന്നുണ്ടെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെയും ബി.ജെ.പിയിലെയും ചില നേതാക്കൾ വിളിച്ച് പിന്തുണ അറിയിച്ചതായും ശ്രീമതി വ്യക്തമാക്കി.
കോൺഗ്രസ് നേതാവ് പി.ടി. തോമസ് ജീവിച്ചിരുന്ന കാലത്ത് തനിക്കെതിരെ ചില വ്യാജ ആരോപണങ്ങൾ ഉന്നയിച്ചിരുന്നുവെന്നും അന്ന് അസുഖബാധിതയായിരുന്നതിനാൽ നിയമനടപടി സ്വീകരിച്ചില്ലെന്നും ശ്രീമതി പറഞ്ഞു. സൈബർ ഇടങ്ങളിൽ മോശം ഭാഷ ഉപയോഗിച്ചുള്ള വ്യക്തിഹത്യ അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്കു മുന്നിൽ വികാരാധീനയായ ശ്രീമതി, തനിക്കെതിരെ വർഷങ്ങളായി വ്യാജ പ്രചാരണം നടക്കുന്നുണ്ടെന്ന് പറഞ്ഞിരുന്നു. പി.കെ. ശശിക്കെതിരായ പീഡനാരോപണവുമായി ബന്ധപ്പെട്ട് താൻ ഉപയോഗിക്കാത്ത വാക്കുകൾ തന്റെ പേരിൽ പ്രചരിപ്പിച്ചെന്നും, ഏതോ എം.എൽ.എയുടെ ഭാര്യയെന്ന നിലയിൽ കുടുംബപെൻഷൻ വാങ്ങുന്നുവെന്ന വ്യാജപ്രചാരണം നടത്തി മനഃപൂർവം അപകീർത്തിപ്പെടുത്തുകയാണെന്നും അവർ ആരോപിച്ചു.
“ഞാൻ 45 വയസ്സ് വരെ അധ്യാപികയായി ജോലി ചെയ്ത വ്യക്തിയാണ്. എന്നെക്കുറിച്ച് എന്തും പറയാം. പക്ഷേ പണത്തിന് വേണ്ടി എന്തും ചെയ്യുന്ന ആളാണെന്ന തരത്തിൽ പ്രചരിപ്പിക്കുന്നത് അതിരുവിട്ട നടപടിയാണ്. ലോകമെമ്പാടുമുള്ള മലയാളികൾ കാണുന്ന രീതിയിൽ യൂട്യൂബ് ചാനലുകൾ ഉപയോഗിച്ച് വ്യക്തിഹത്യ നടത്തുകയാണ്. അതിനാലാണ് ഡി.ജി.പിക്കും ആഭ്യന്തര മന്ത്രിക്കും സ്പീക്കർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ തീരുമാനിച്ചത്,” എന്നാണ് കഴിഞ്ഞ ദിവസം ശ്രീമതി പറഞ്ഞത്.
ഇതിന് പിന്നാലെയാണ് ഔദ്യോഗികമായി പരാതി നൽകുകയും പരാതിയിൽ സർക്കാർ നടപടികൾ ആരംഭിക്കുകയും ചെയ്തത്.


















































