വാഷിങ്ടൺ/ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ പരസ്പരം വെല്ലുവിളികളുമായി അമേരിക്കയും ഇറാനും. ഇറാനുമായുള്ള ഏറ്റുമുട്ടലുകളിൽ കപ്പലുകൾക്കോ, ചരക്കുകൾക്കോ എന്തെങ്കിലും നാശനഷ്ടങ്ങൾ സംഭവിച്ചാൽ പരിഹാരമായി അമേരിക്കയുടെ പക്കലുള്ള ഇറാനിയൻ ആസ്തികൾ ഉപയോഗിക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണി.
തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഈ കാര്യം അറിയിച്ചത്. ഇത് ‘നീതിയുക്തമായ’ കാര്യമാണെന്നാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ‘അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ, ഇനി മുതൽ കപ്പലുകൾക്കോ ചരക്കുകൾക്കോ അവയുമായി ബന്ധപ്പെട്ട മറ്റെന്തിനെങ്കിലുമോ സംഭവിക്കുന്ന നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരം, അമേരിക്കയുടെ കൈവശമുള്ളതും നിയന്ത്രണത്തിലുള്ളതുമായ ഇറാന്റെ ആസ്തികളിൽ നിന്ന് നൽകുമെന്ന് ഈ പ്രസ്താവനയിലൂടെ അറിയിക്കുന്നു. ഈ നഷ്ടപരിഹാരത്തുക വളരെ വലുതായിരിക്കാൻ സാധ്യതയുണ്ടെങ്കിലും, നീതിപൂർവ്വവും ന്യായയുക്തവുമായ നടപടിയാണിത്’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസിൽ ഇറാനും ചെങ്കടലിൽ ഹൂതി വിമതരും വാണിജ്യ കപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണ പശ്ചാത്തലത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. അതേസമയം ഇറാന്റെ 100 ബില്യൺ ഡോളറോളം വരുന്ന ആസ്തികൾ മറ്റ് രാജ്യങ്ങൾ മരവിപ്പിച്ചിട്ടുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. നേരത്തെ സമാധാന ചർച്ചയുമായി ബന്ധപ്പെട്ട് ഈ ആസ്തികൾ വിട്ടുകിട്ടണമെന്ന് ഇറാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും അമേരിക്ക ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല.
അതേസമയം ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിൽ രൂക്ഷമായ പ്രതികരണവുമായി ഇറാൻ രംഗത്തെത്തി. മറ്റൊരു രാജ്യത്തിന്റെ ആസ്തികൾ പിടിച്ചെടുക്കുന്നത് പ്രകോപനപരമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. അത്തരം ഫണ്ടുകളിൽ സന്തോഷിക്കുന്നവരും ലാഭം നേടുന്നവരും ഓർക്കണം, ഇത്തരത്തിൽ ആസ്തി പിടിച്ചെടുക്കൽ സാധാരണമായാൽ ആരുടേയും നിക്ഷേപങ്ങൾ സുരക്ഷിതമാകില്ല. അതിന്റെ ഫലമായി ഉണ്ടാകുന്ന കലാപം സമാധാനപരമായിരിക്കില്ല- അദ്ദേഹം എക്‌സിൽ കുറിച്ചു.


















































