ന്യൂഡൽഹി: നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഡൽഹിയിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്കെതിരെ പോലീസ് സ്വീകരിച്ച നടപടിയിൽ ആശങ്ക പ്രകടിപ്പിച്ച് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുരളി മനോഹർ ജോഷി രംഗത്ത്. ശക്തിപ്രയോഗത്തിന് പകരം സഹാനുഭൂതി കാണിക്കണമെന്ന് അദ്ദേഹം കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ദിവസങ്ങളായി ദേശീയ തലസ്ഥാനമായ ന്യൂഡൽഹിയിലെ തെരുവുകളിൽ തുടരുന്നത് വേദനാജനകമാണെന്ന് ജോഷി പറഞ്ഞു. പരീക്ഷാ സംവിധാനത്തെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ യാഥാർത്ഥ്യമാണെന്നും അതിന് സ്ഥിരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമമാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഈ വിഷയത്തെ കേവലം നിയമ-സമാധാന പ്രശ്നമായി മാത്രം കണ്ട് ബലപ്രയോഗത്തിലൂടെ നേരിടാൻ ശ്രമിക്കില്ലെന്ന് ഞാൻ ആത്മാർഥമായി പ്രത്യാശിക്കുന്നു. യുവതികളടക്കമുള്ള വിദ്യാർഥികളോട് അതിക്രൂരമായി പെരുമാറിയെന്ന വാർത്തകൾ ഏറെ വേദനിപ്പിക്കുന്നതാണ്. ഇത്തരം ബലപ്രയോഗങ്ങൾ ഇന്ത്യയെ ‘വിക്സിത് ഭാരത്’ (വികസിത ഇന്ത്യ)’ എന്ന ദേശീയ ലക്ഷ്യത്തിൽ നിന്ന് സമൂഹത്തിലെ വലിയൊരു വിഭാഗത്തെ അകറ്റിനിർത്താൻ ഇടയാക്കുമെന്നും മുരളി മനോഹർ ജോഷി തൻ്റെ എക്സ് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അതേസമയം നീറ്റ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയും ജന്തർ മന്തറിൽ നടന്ന പ്രതിഷേധങ്ങൾക്കെതിരായ പോലീസ് നടപടിയും ചുറ്റിപ്പറ്റി രാഷ്ട്രീയ വിവാദവും ശക്തമായി തുടരുകയാണ്. പ്രതിപക്ഷം സമാധാനപരമായ പ്രതിഷേധങ്ങളെ കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് ആരോപിക്കുമ്പോൾ, വിദ്യാർത്ഥികളുടെ താൽപര്യം സംരക്ഷിക്കാനും പരീക്ഷാ സംവിധാനത്തിന്റെ വിശ്വാസ്യത ഉറപ്പാക്കാനും സർക്കാർ പ്രതിബദ്ധമാണെന്ന് കേന്ദ്രം പ്രതികരിച്ചു.


















































