കോഴിക്കോട്: മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ജനപ്രതിനിധികളിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ നിതിൻ കുമാർ, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബർ പോലീസ് പിടികൂടിയത്.
ജൂലൈ ആറിനാണ് എം.എൽ.എ വിദ്യാ ബാലകൃഷ്ണന് സംശയാസ്പദമായ ഫോൺകോൾ ലഭിച്ചത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ പ്രതികൾ മന്ത്രിപദവി ഉറപ്പാക്കാമെന്ന് പറഞ്ഞ് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടതായാണ് പരാതി.
പരാതിയുടെ അടിസ്ഥാനത്തിൽ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഐ.ടി. നിയമപ്രകാരമുള്ള വകുപ്പുകൾക്കൊപ്പം ആൾമാറാട്ടം, വഞ്ചനാശ്രമം തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. സൈബർ ക്രൈം അസിസ്റ്റന്റ് കമ്മിഷണർ എസ്.എം. പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്.
വിദ്യാ ബാലകൃഷ്ണന് പുറമെ എം.പിമാരായ ഷാഫി പറമ്പിലും ഡീൻ കുര്യാക്കോസിനും സമാന രീതിയിലുള്ള ഫോൺകോളുകൾ ലഭിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ രാജ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഈ സംഭവങ്ങളിലും വയനാട് സൈബർ പോലീസ് സമാന്തര അന്വേഷണം തുടരുകയാണ്.
സമാന രീതിയിൽ മറ്റാരെയെങ്കിലും ലക്ഷ്യമിട്ടിട്ടുണ്ടോ, പ്രതികൾക്ക് പിന്നിൽ വലിയ തട്ടിപ്പ് ശൃംഖലയുണ്ടോയെന്നതടക്കമുള്ള കാര്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.


















































