കണ്ണൂർ: പയ്യന്നൂരിൽ മുൻ സി.പി.എം. നേതാവ് ടി. പുരുഷോത്തമന്റെ ചെമ്മീൻ കെട്ടിന് അജ്ഞാതർ തീയിട്ടതായി പരാതി. കണ്ടങ്കാളിയിലെ കൃഷി കേന്ദ്രത്തിലാണ് പുലർച്ചെയോടെ ആക്രമണമുണ്ടായതെന്ന് പുരുഷോത്തമൻ ആരോപിച്ചു.
ചെമ്മീൻ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളും കൃഷിക്ക് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും തീപിടുത്തത്തിൽ പൂർണമായും കത്തിനശിച്ചു. ആക്രമണത്തിന് മുമ്പ് ബോംബെറിഞ്ഞ ശേഷമാണ് ഷെഡിന് തീയിട്ടതെന്നും ചെമ്മീൻകെട്ടിലെ വെള്ളത്തിൽ വിഷദ്രാവകം കലർത്തിയിട്ടുണ്ടെന്ന സംശയവും അദ്ദേഹം ഉന്നയിച്ചു.
രാഷ്ട്രീയ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നും സി.പി.എം. പ്രവർത്തകരാണ് ഇതിന് ഉത്തരവാദികളെന്നും പുരുഷോത്തമൻ ആരോപിച്ചു. വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ചതിന്റെ പേരിൽ പാർട്ടിക്കുള്ളിൽ തർക്കം നിലനിന്നിരുന്നതായും അദ്ദേഹം പറഞ്ഞു.
സംഭവസമയത്ത് സ്ഥലത്ത് കാവലുണ്ടായിരുന്ന സഹോദരപുത്രൻ കുറച്ചുസമയം മാറിനിന്നപ്പോഴാണ് അക്രമികൾ എത്തിയതെന്നാണ് വിവരം.
അടുത്തിടെ പ്രാദേശിക ചാനലുകൾക്ക് നൽകിയ അഭിമുഖങ്ങളിൽ സി.പി.എം. നേതൃത്വത്തെ പുരുഷോത്തമൻ രൂക്ഷമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണമുണ്ടായതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പ് കാലത്ത് പുരുഷോത്തമന്റെ വീടിനും കാറിനും തീയിട്ട കേസിൽ അഞ്ച് സി.പി.എം. പ്രവർത്തകരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പുതിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ തെളിവുകൾ ശേഖരിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.


















































