മലപ്പുറം: ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ നടത്തിയ പരിശോധനയിൽ 16 കിലോയിലധികം കഞ്ചാവ് പിടികൂടി. സംഭവത്തിൽ കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശി അത്തിക്കപ്പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23) അറസ്റ്റിലായി. ഇയാളിൽ നിന്ന് ആൾട്ടോ കാറിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദേശപ്രകാരം തിരൂർ, താനൂർ ഡാൻസാഫ് ടീമുകളും കല്പകഞ്ചേരി പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്താനാണ് ലഹരിവസ്തു എത്തിച്ചതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
മുഹമ്മദ് ഹാഷിമിനെതിരെ നേരത്തെയും നിരവധി ലഹരി കേസുകൾ നിലവിലുണ്ട്. എം.ഡി.എം.എ. കൈവശം വെച്ച കേസുകളിൽ മലപ്പുറം, കോട്ടക്കൽ പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ട്. കഞ്ചാവ് വിൽപ്പനയ്ക്കായി സൂക്ഷിച്ചതിന് പാലക്കാട് എക്സൈസും മുമ്പ് കേസെടുത്തിരുന്നു.
അടുത്തിടെ കുറ്റിപ്പുറത്ത് 500 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ മുഫഷിറിനൊപ്പവും ഹാഷിം പ്രതിയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. പ്രദേശത്ത് സ്ഥിരമായി ലഹരി വിൽപ്പന നടത്തുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളോളം നിരീക്ഷണം നടത്തിയ ശേഷമാണ് പ്രതിയെ പിടികൂടിയത്.
അറസ്റ്റിനിടെ പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതി ശ്രമിച്ചെങ്കിലും സാഹസികമായി കീഴടക്കിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവം അറിഞ്ഞ് നൂറുകണക്കിന് നാട്ടുകാർ സ്ഥലത്ത് തടിച്ചുകൂടി.
സമീപകാലത്ത് കല്പകഞ്ചേരി മേഖലയിൽ നിന്ന് പിടികൂടിയ ഏറ്റവും വലിയ കഞ്ചാവ് വേട്ടകളിലൊന്നാണിതെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


















































