തിരുവനന്തപുരം: സഹപാഠിനിയുടെ അശ്ലീല ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൂന്നാംവർഷ എം.ബി.ബി.എസ്. വിദ്യാർഥിയെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് സ്വദേശിയായ ഏബലാണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് പിന്നീട് ജാമ്യം ലഭിച്ചു.
ഇന്ന് രാവിലെയാണ് സഹപാഠിനി മെഡിക്കൽ കോളേജ് പോലീസിൽ പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാർഥിയെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.
അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈൽ ഫോൺ പരിശോധിച്ചപ്പോൾ നിരവധി വിദ്യാർഥിനികളുടെ ചിത്രങ്ങൾ കണ്ടെത്തിയതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ പരിശോധന നടക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
ഡിജിറ്റൽ തെളിവുകൾ ഉൾപ്പെടെ പരിശോധിച്ച് കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും മറ്റ് നിയമലംഘനങ്ങൾ നടന്നിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.


















































