ന്യൂഡൽഹി: സോനം വാങ്ചുക്കിനോട് നിരാഹാരം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് കോക്രോച് ജനതാ പാർട്ടി (സിജെപി). സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സിജെപി സോനം വാങ്ചുക്കിനോട് ഈ ആവശ്യം ഉന്നയിച്ചത്. നിങ്ങളുടെ ത്യാഗം രാജ്യത്തെ പതിനായിരക്കണക്കിന് പേരെ പ്രചോദിപ്പിച്ചിട്ടുണ്ടെന്നും ഇപ്പോൾ ആരോഗ്യം ശ്രദ്ധിക്കണമെന്നും സിജെപി പുറത്തിറക്കിയ കുറിപ്പിൽ പറയുന്നു.
‘നിങ്ങൾക്കൊപ്പം നിൽക്കാനും ഈ മൂവ്‌മെന്റിനൊപ്പം ചേരാനും ജൂലൈ 20ന് നിരവധി പേരാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയത്. ഏതെങ്കിലുമൊരു വ്യക്തിയേക്കാൾ പ്രധാനമാണ് വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട നീതിയെന്ന് നിങ്ങൾ ഈ നിരാഹാരത്തിലൂടെ തെളിയിച്ചു. എന്നാൽ ഇപ്പോൾ നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുകയാണ് ഞങ്ങളുടെ ആവശ്യം. നിങ്ങൾക്ക് ഞങ്ങൾ ഒരുറപ്പ് തരാം. നിരാഹാരം അവസാനിച്ചാലും ഈ പോരാട്ടം അവസാനിക്കില്ല. പരീക്ഷാ നടത്തിപ്പിലെ നീതിക്കായി ഞങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ അംഗീകരിക്കപ്പെടുന്നത് വരെ പ്രതിഷേധങ്ങൾ തുടരുകയും പോരാട്ടം മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യും. ഈ സമരം സജീവമായി നിലനിർത്താൻ ഞങ്ങൾ എല്ലാം ചെയ്യും’, സിജെപി പങ്കുവച്ച കുറിപ്പിൽ പറയുന്നു.
ഇതിനിടെ നിരാഹാര സമരം അവസാനിപ്പിക്കുന്നതിന് കേന്ദ്രത്തിനോട് രണ്ട് ഉപാധികൾ മുന്നോട്ട് വെച്ചിരിക്കുകയാണ് സോനം വാങ്ചുക്ക്. നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർത്ഥികളുടെ കുടുംബത്തിന് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കണം. ധർമേന്ദ്ര പ്രധാന്റെ രാജിയുമായി ബന്ധപ്പെട്ട് പാർലമെന്റിൽ സുതാര്യമായ ചർച്ച അനുവദിക്കണം എന്നീ പ്രധാന ആവശ്യങ്ങളാണ് സോനം മുന്നോട്ടുവച്ചത്. തന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ ആ നിമിഷം നിരാഹാരം അവസാനിപ്പിക്കുമെന്നും സോനം വാങ്ങ് ചുക്ക് വ്യക്തമാക്കി. കൂടാതെ ഉപാധികളിൽ സർക്കാരിൽ നിന്ന് ഉറപ്പ് ലഭിച്ചാൽ വിദ്യാർത്ഥികളോട് തൽക്കാലം സമരം നിർത്തി സർക്കാരുമായി ചർച്ചയിൽ ഏർപ്പെടാൻ താൻ അഭ്യർത്ഥിക്കുമെന്നും സോനം വാങ്ചുക്കിന്റെ കത്തിലൂടെ പറഞ്ഞു. ആവശ്യങ്ങൾ ഉയർത്തിയ കത്ത് കേന്ദ്ര മന്ത്രിമരായ ജെ പി നദ്ദയ്ക്കും ജിതേന്ദ്രസിങ്ങിനും സോനം വാങ്ചുക്ക് അയച്ചതു കൂടാതെ എക്സ് പോസ്റ്റിൽ പങ്കുവെക്കുകയും ചെയ്തു.
പിന്നാലെ തന്റെ ആവശ്യങ്ങളിൽ ഉറപ്പ് ലഭിച്ചാൽ മാത്രമേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്ന് വ്യക്തമാക്കി വീഡിയോ സന്ദേശവും സോനം വാങ്ചുക്ക് പുറത്തുവിട്ടു. പ്രതിഷേധക്കാർക്കെതിരായ കേസ് പിൻവലിക്കണം. പോലീസ് പ്രതികാര നടപടി അവസാനിപ്പിക്കണം. ഉറപ്പ് ലഭിച്ചാലേ നിരാഹാര സമരം അവസാനിപ്പിക്കൂ എന്നും സോനം വാങ്ചുക്ക് ഇതിൽ വ്യക്തമാക്കി.
അതേസമയം സിജെപിയുടെ നേതൃത്വത്തിൽ സോനം വാങ്ചുക്ക് നടത്തുന്ന നിരാഹാര സമരം 25-ാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്. ധർമ്മേന്ദ്ര പ്രധാൻ രാജിവെയ്ക്കും വരെ പ്രതിഷേധം തുടരുമെന്നാണ് സിജെപി പറയുന്നത്. പ്രതിഷേധത്തിൽ ഇൻഡ്യ സഖ്യവും പൂർണ്ണ പിന്തുണ നൽകി രംഗത്തുണ്ട്.


















































