ന്യൂഡൽഹി: മാസങ്ങൾക്കു മുൻപ് ഓൺലൈൻ ആക്ടിവിസത്തിൻറെ മറവിൽ സർക്കാരിനെതിരെ പ്രതിഷേധിച്ചവരെ പാറ്റകളോട് ഉപമിച്ച ചീഫ് ജസ്റ്റിസ് സൂര്യകാന്തിൻറെ പരാമശത്തിൽ നിന്നാണ് കോക്രോച്ച് ജനത പാർട്ടിയുടെ ഉദയം തന്നെ. ഇന്നു രാജ്യ തലസ്ഥാനത്ത് പാറ്റകൾക്കൊപ്പം പല പാർട്ടികളും അണിനിരന്നു കഴിഞ്ഞു. ഇതിനിടെ വിദ്യാർത്ഥികൾക്കെതിരെ പോലീസ് നടത്തിയ അതിക്രമങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട ഹർജി സുപ്രീംകോടതി തള്ളി.
അഭിഭാഷകൻ നരേന്ദ്ര മിശ്ര നൽകിയ അപേക്ഷ പരിഗണിക്കുമ്പോൾ, “ഞങ്ങളുടെ സമയവും നിങ്ങളുടെ സമയവും കളയരുത്” എന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹർജി തള്ളിയത്. പ്രതിഷേധത്തിനിടെ നടന്നതായി ആരോപിക്കുന്ന പോലീസ് ക്രൂരതയെക്കുറിച്ച് സമാധാനപരമായ ഒരു പൊതു പ്രതിഷേധത്തിനിടെ ഡൽഹി പോലീസ് നടത്തിയ മൗലികാവകാശ ലംഘനം, കോടതി വിധികൾ പാലിക്കാത്തത് എന്നിവയെക്കുറിച്ച് കോടതി സ്വമേധയാ കേസെടുക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.
കൂടാതെ സുപ്രീം കോടതിയുടെ സിറ്റിംഗ് ബെഞ്ച് സ്വതന്ത്ര ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും, ഡൽഹി പോലീസിലെ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കും മറ്റ് ബന്ധപ്പെട്ട അധികാരികൾക്കുമെതിരെ ഉചിതമായ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ നിർദ്ദേശങ്ങൾ നൽകണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ തെളിവുകൾ പരിശോധിക്കണമെന്ന് അഭിഭാഷകൻ കോടതിയെ അഭ്യർത്ഥിച്ചെങ്കിലും, വീഡിയോ കാണാൻ കോടതി തയ്യാറായില്ല. “വീഡിയോ കാണാൻ സമയം ഇല്ല, അതിൽ താൽപര്യമില്ല” എന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.
തിങ്കളാഴ്ച സിജെപി ഓൺലൈൻ ആഹ്വാനം അനുസരിച്ചാണ് ആയിരക്കണക്കിന് വിദ്യാർത്ഥികൾ ന്യൂഡൽഹിയിലെ തെരുവുകളിൽ പ്രതിഷേധത്തിന് ഇറങ്ങിയത്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പാർലമെന്റിലേക്കുള്ള മാർച്ചിനിടെ പോലീസ് ലാത്തിച്ചാർജ് നടത്തുകയും, പ്രതിഷേധം അതീവ സംഘർഷാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്തു. നീല നിറത്തിലുള്ള റയറ്റ് ഗിയർ ധരിച്ച പോലീസ് സംഘം പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ നിരവധി പേർ ഓടി രക്ഷപ്പെടേണ്ടി വന്നു. പ്രതിഷേധത്തിൽ നൂറുകണക്കിന് പേർക്ക് പരുക്കേറ്റതായി സംഘാടകർ ആരോപിച്ചു.
അതേസമയം പ്രതിഷേധ സംഘാടകർ പോലീസിന്റെ നടപടിയെ ശക്തമായി വിമർശിച്ച് ഇത് ഇന്ത്യൻ ജനാധിപത്യ ചരിത്രത്തിലെ ലജ്ജാകരമായ ദിവസമാണെന്ന് പ്രതികരിച്ചു. യഥാർത്ഥ പ്രശ്നങ്ങൾ ഉയർത്തിയ വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായി അവർ ആരോപിച്ചു. സമാധാനപരമായ പ്രതിഷേധത്തെ അടിച്ചമർത്താൻ അധികാരികൾ അധികബലം പ്രയോഗിച്ചതായും അവർ പറഞ്ഞു. ഇതിനിടെ, സമാനമായ വിഷയത്തിൽ ഡൽഹി ഹൈക്കോടതിയും അടിയന്തര ഇടപെടൽ നിഷേധിച്ചു. പോലീസിന്റെ അധികാര ദുരുപയോഗം സംബന്ധിച്ച ഹർജി അടിയന്തരമായി പരിഗണിക്കാൻ കോടതി തയ്യാറായില്ല. “ഇതിലേക്കൊന്നും കോടതിയെ വലിച്ചിഴക്കരുത്” എന്ന് ബെഞ്ച് വ്യക്തമാക്കി, കേസ് ബുധനാഴ്ചയ്ക്ക് പരിഗണിക്കാൻ മാറ്റി.
ഹർജിയിൽ പറയുന്നതനുസരിച്ച്, സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളും പൗരന്മാരും ജൂൺ 28 മുതൽ ജന്തർ മന്തറിൽ നിരാഹാര സമരം നടത്തി വരികയായിരുന്നു. വിദ്യാഭ്യാസ വ്യവസ്ഥയിലെ ക്രമക്കേടുകളും നീറ്റ് ചോദ്യപേപ്പർ ചോർച്ചയും പ്രധാന വിഷയങ്ങളായിരുന്നു. ജൂലൈ 17 വരെ സമരം സമാധാനപരമായി തുടരുകയായിരുന്നുവെന്ന് ഹർജിയിൽ പറയുന്നു. എന്നാൽ ജൂലൈ 18ന് പോലീസ് സമരവേദിയിൽ കയറി പ്രതിഷേധ സമരം പിരിച്ചുവിട്ടതായും, സമരക്കാരെ ബലമായി നീക്കിയതായും ഹർജിയിൽ ആരോപിക്കുന്നു.
പ്രതിഷേധക്കാരെ തടഞ്ഞുവെക്കുകയും സമരം തുടരുന്നതിൽ തടസം സൃഷ്ടിക്കുകയും ചെയ്തതായി ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഈ സംഭവങ്ങൾ സമാധാനപരമായ സമരങ്ങൾ പിരിച്ചുവിടുന്നതിൽ പോലീസിന്റെ അധികാരപരിധി സംബന്ധിച്ച ഗൗരവമായ ഭരണഘടനാ ചോദ്യങ്ങൾ ഉയർത്തുന്നുവെന്നാണ് ഹർജിക്കാരന്റെ വാദം. അടിസ്ഥാനാവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും, ഈ നടപടികൾ ജനാധിപത്യ പ്രതിഷേധങ്ങളെ ഭീതിയിലാഴ്ത്തുന്ന തരത്തിലുള്ളതാണെന്നും ഹർജിയിൽ പറയുന്നു. വ്യക്തിപരമായ ഒരു കാര്യം മുന്നോട്ട് വയ്ക്കുന്നതല്ല, രാജ്യത്തെ എല്ലാ പൗരന്മാരുടെയും ഭരണഘടനാ അവകാശങ്ങൾ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെയാണ് ഹർജി നൽകിയിരിക്കുന്നതെന്നും അതിൽ വ്യക്തമാക്കുന്നു.
അതുപോലെ ഡൽഹി പോലീസിന്റെ നടപടിയെക്കുറിച്ച് സ്വതന്ത്രവും നിഷ്പക്ഷവുമായ സമയബന്ധിത അന്വേഷണം നടത്താൻ ഡൽഹി പോലീസ് കമ്മീഷണർക്ക് അല്ലെങ്കിൽ മറ്റ് അധികാരികൾക്ക് നിർദ്ദേശം നൽകണമെന്നതാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതിഷേധം, പോലീസിന്റെ നടപടികൾ, കോടതികളുടെ പ്രതികരണം എന്നിവയെ ചുറ്റിപ്പറ്റിയ വിവാദം ശക്തമാകുന്നതിനിടെ, ജനാധിപത്യ അവകാശങ്ങളും നിയമസംരക്ഷണ സംവിധാനങ്ങളും തമ്മിലുള്ള സംഘർഷം വീണ്ടും ദേശീയ ശ്രദ്ധയിൽപ്പെട്ടിരിക്കുകയാണ്.
അതിനിടെ സിജെപിയുമായി രണ്ടാംഘട്ട ചർച്ച നടത്താൻ കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. മന്ത്രി ജെ.പി നഡ്ഡയാണ് സർക്കാർ പ്രതിനിധിയായി സമരക്കാരുമായി ചർച്ച നടത്തുന്നത്. കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ സിജെപി സമരത്തിന് പിന്തുണയുമായി എത്തിയതോടെയാണ് കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറായത്. കഴിഞ്ഞ ദിവസം ജെ.പി നഡ്ഡ സമരക്കാരുമായി ചർച്ച നടത്തിയെങ്കിലും തീരുമാനത്തിൽ എത്തിയിരുന്നില്ല.
കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കുക, സോനം വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റുക, നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ആത്മഹത്യ ചെയ്ത വിദ്യാർഥികൾക്ക് നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സിജെപി മുന്നോട്ടുവെക്കുന്നത്. ഇതിൽ കോടതി നിർദേശത്തെ തുടർന്ന് വാങ്ചുകിനെ ഗുരുഗ്രാമിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
പെൺകുട്ടികളുടെ വസ്ത്രങ്ങൾ കീറിപ്പറിച്ചു, കുട്ടികൾക്ക് നേരെ ലാത്തി പ്രയോഗിച്ചു. അവർ ചോരയൊലിപ്പിച്ചുകൊണ്ടാണ് തെരുവിൽ നടന്നത്, നിങ്ങളുടെ മക്കളായിരുന്നെങ്കിൽ വസ്ത്രം ഇങ്ങനെ വലിച്ചുകീറുമോ?? ഇങ്ങനെയാണോ വിദ്യാർഥികളെ പരിഗണിക്കേണ്ടത്??- അഖിലേഷ് യാദവ്


















































