അടിമാലി: അൽഫാമിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ട് വിനോദ സഞ്ചാരികളും ഹോട്ടൽ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. അടിമാലി ജെന്ന റസിഡൻസിയിലാണ് സംഭവം. ആക്രമണത്തിൽ ഹോട്ടൽ സൂപ്പർവൈസർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. സംഭവത്തിൽ പാലക്കാട് സ്വദേശികളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. മൂന്നാർ സന്ദർശനം കഴിഞ്ഞ് മടങ്ങിയ 22 അംഗ സംഘം ജന്ന റസിഡൻസിയിൽ ഭക്ഷണം കഴിക്കാനെത്തി. ടൂർ പാക്കേജ് ഏജൻസി വഴി ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഇവർക്കായി ഒരുക്കിയിരുന്നു. അൽഫാം ഉൾപ്പെടെയുള്ള ഭക്ഷ്യ വസ്തുക്കളാണ് ഇവർ മുൻകൂട്ടി ഓർഡർ ചെയ്തിരുന്നത്.
എന്നാൽ ഇതിന്റെ അളവ് കുറഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഏജൻസിയുമായി ചർച്ച ചെയ്യുന്നതിനിടെ ഹോട്ടൽ ജീവനക്കാർ ഇടപെടുകയായിരുന്നു. തുടർന്ന് ഭക്ഷണത്തിന്റെ ബിൽ തുക അടക്കുന്നതുമായി ബന്ധപ്പെട്ട തർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു.
ഹോട്ടൽ സൂപ്പർവൈസർ അടിമാലി മന്നാങ്കാല ചെറിയാനിക്കൽ നിഷാദ് (44), ജീവനക്കാരായ ചെറുതോണി കൊച്ചു തുണ്ടിയിൽ അനന്ദു (27), അതിഥിത്തൊഴിലാളി മുർഷിദുൽ ഇസ്‌ലം (25) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ നിഷാദ് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.


















































