കൊച്ചി: നടൻ ജോജു ജോർജിനെതിരെ ഗുരുതര ആരോപണങ്ങളുമായി സംവിധായകൻ ശാന്തിവിള ദിനേശ്. സിനിമാ സെറ്റിൽ പലപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന നടനാണ് ജോജുവെന്നും, ‘വരവ്’ സിനിമയുടെ ചിത്രീകരണത്തിനിടെ നിരവധി മൊബൈൽ ഫോണുകൾ ദേഷ്യത്തിൽ എറിഞ്ഞ് തകർത്തുവെന്നുമാണ് അദ്ദേഹത്തിന്റെ ആരോപണം. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ശാന്തിവിള ദിനേശ് ഇക്കാര്യം പറഞ്ഞത്.
ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലെത്തിയ ജോജു ഇന്ന് നടനും സംവിധായകനും നിർമാതാവുമായി വളർന്നെങ്കിലും, ആ യാത്ര മറക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ഇപ്പോൾ കാണുന്നതെന്നും അദ്ദേഹം വിമർശിച്ചു. നിലവിൽ ജോജു ഒരു സിനിമയ്ക്ക് അഞ്ച് കോടി രൂപ പ്രതിഫലം ആവശ്യപ്പെടുന്നുവെന്നും ശാന്തിവിള ദിനേശ് ആരോപിച്ചു.
വരവിലെ നായകന്‍ ജോജു ജോര്‍ജാണ്. അഭിനയത്തേക്കാള്‍ എല്ലാത്തിലും തലയിട്ട് തലവേദനയുണ്ടാക്കുന്ന കലാകാരനാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍. വരവിന്റെ സെറ്റില്‍ മാത്രം 15-16 സെല്‍ഫോണ്‍ എറിഞ്ഞു പൊട്ടിച്ചുവെന്നാണ് ദൃക്‌സാക്ഷിയായ ഒരാള്‍ എന്നോട് പറഞ്ഞത്. ഫോണില്‍ സംസാരിക്കുമ്പോള്‍ ദേഷ്യം വന്നാലും, സെറ്റില്‍ ദേഷ്യം വന്നാലും ഫോണിനെയാണ് ആദ്യം ആക്രമിക്കുക. അതിന് വായില്ലല്ലോ, തിരിച്ചടിക്കില്ലല്ലോ. സിനിമാക്കാരന്‍ ആയതിനാല്‍ ആരെങ്കിലുമൊക്കെ ഫ്രീ കൊടുത്ത ഫോണുകള്‍ വീട്ടില്‍ കാണുമായിരിക്കും. അഞ്ച് കോടി പ്രതിഫലമാണത്രേ ജോജു ജോര്‍ജ് ഇപ്പോള്‍ പ്രതിഫലമായി ചോദിക്കുന്നത്. ആലോചിച്ചു നോക്കൂ, ജൂനിയര്‍ ആര്‍ട്ടിസ്റ്റില്‍ നിന്നും സംവിധായകനും നായകനും നിര്‍മാതാവുമൊക്കെയായ ജോജു വന്ന വഴി മറക്കുന്നതിന്റെ സൂചനയാണത്. അഞ്ചു കോടി രൂപയാണ് ശമ്പളമായി ചോദിക്കുന്നത്. പിന്നെ ആവശ്യത്തിന് തലവേദനയും തരും.” ശാന്തിവിള ദിനേശ് പറയുന്നു.
അതേസമയം, പൃഥ്വിരാജ് നായകനായ ‘ഐ, നോബഡി’ എന്ന ചിത്രത്തെക്കുറിച്ചും ശാന്തിവിള ദിനേശ് വീഡിയോയിൽ പരാമർശിച്ചു. ചിത്രത്തിലെ നായിക പാർവതി തിരുവോത്ത് ന്യായമായ പ്രതിഫലം മാത്രമാണ് ആവശ്യപ്പെടാറുള്ളതെന്നും, വ്യവസായ രംഗത്ത് അനാവശ്യ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കാത്ത നടിയാണ് പാർവതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഈ കഴിഞ്ഞ ആഴ്ച രണ്ട് സിനിമകള്‍ വന്നു. ഒന്ന് ഐ, നോബഡി. പൃഥ്വിരാജ് നായകനായ സിനിമ. മറ്റൊന്ന് ഷാജി കൈലാസ് സംവിധാനം ചെയ്ത, ജോജു ജോര്‍ജ് നായകനായ വരവ്. ഇനി ചെലവ് വരാനുണ്ടെന്ന് തോന്നുന്നു. വരവാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ആദ്യ ദിവസം ഇനീഷ്യല്‍ കളക്ഷന്‍ പോലും നേടാന്‍ സാധിക്കാത്ത സിനിമയായി ഐ, നോബഡി. 26 കോടി രൂപ പൃഥ്വിരാജിന്റെ ശമ്പളമില്ലാതെ മാത്രം ചെലവായി. ഇഫോര്‍ ബാനറില്‍ മുകേഷ് ആര്‍ മെഹ്തയും സാരഥിയുമാണ് ഈ 26 കോടിയും ചെലവാക്കിയത്. പൃഥ്വിരാജിന്റെ ശമ്പളം പങ്കാളിത്വത്തില്‍ മുടക്കി. 38 കോടിയായി ചെലവെന്ന് അര്‍ത്ഥം. ആകെ പറയാവുന്നകാര്യം ഈ ചിത്രത്തില്‍ നായിക പാര്‍വതി തിരുവോത്ത് ആണെന്നായിരുന്നു.” ശാന്തിവിള ദിനേശ് പറയുന്നു.
” മലയാള സിനിമയില്‍ ന്യായമായ ശമ്പളം ചോദിക്കുന്ന ഏക നായികയാണ് പാര്‍വതി എന്നാണ് ഒരാള്‍ പറഞ്ഞത്. അത് കേട്ടപ്പോള്‍ എനിക്ക് സന്തോഷം തോന്നി. ഒരു പരസ്യത്തില്‍ മോഡലായി പാര്‍വതി വേണമെന്ന് ക്ലയന്റ് ആഗ്രഹിച്ചു.അയ്യോ അവര്‍ വലിയ ശമ്പളം ചോദിക്കും തലവേദനയാണെന്ന് സംഘാടകര്‍ പറഞ്ഞു. എന്നാലും പാര്‍വതി മതിയെന്ന് ക്ലയന്റ് പറഞ്ഞു. ഒടുവില്‍ അവരെ സമീപിച്ചപ്പോള്‍ അതിശയിച്ചുപോയി. മാന്യമായ പ്രതിഫലമേ പാര്‍വതി ചോദിച്ചുള്ളൂവത്രേ”. നടി പാർവ്വതിയുടെ പ്രതിഫലത്തെക്കുറിച്ച് അദ്ദേഹം പറയുന്നു.


















































