കൊച്ചി: നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡൽഹി ജന്തർ മന്തറിൽ നടക്കുന്ന സി.ജെ.പി. സമരത്തിന് പിന്തുണ അറിയിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് പങ്കുവെച്ചതിനെ തുടർന്ന് മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാലിന് നേരെ സൈബർ ആക്രമണം ശക്തമാകുന്നു.
“സ്വന്തം പൗരന്മാരോട് ഭരണകൂടം ഇങ്ങനെ പെരുമാറുന്നതാണ് ജനാധിപത്യമെന്ന് നിങ്ങൾ കരുതുന്നുണ്ടോ?” എന്ന കുറിപ്പോടെയാണ് വിസ്മയ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട പോസ്റ്റ് പങ്കുവെച്ചത്. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ നിരവധി പേർ വിമർശനവും അധിക്ഷേപ കമന്റുകളുമായി രംഗത്തെത്തി.
“പഹൽഗാം ആക്രമണസമയത്ത് എവിടെയായിരുന്നു?, എമ്പുരാന്റെ അനുഭവം അച്ഛനോട് ചോദിച്ചാൽ മതി, ലാലേട്ടന്റെ പേര് കളഞ്ഞല്ലോ” എന്നിങ്ങനെയുള്ള പ്രതികരണങ്ങളാണ് വിസ്മയയുടെ പോസ്റ്റിന് താഴെയും മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളിലും വ്യാപകമായി പ്രത്യക്ഷപ്പെടുന്നത്.
വിസ്മയ ആദ്യമായി നായികയാകുന്ന ‘തുടക്കം’ എന്ന ചിത്രവും ഉടൻ തിയറ്ററുകളിലെത്താനിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ ഫെയ്സ്ബുക്കിൽ പങ്കുവെച്ചതിന് താഴെയും സമാനമായ വിമർശനങ്ങളും വിദ്വേഷ കമന്റുകളും ഉയരുന്നുണ്ട്.
ഓഗസ്റ്റ് 7-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ മോഹൻലാൽ അതിഥി വേഷത്തിലും എത്തുന്നുണ്ട്.
2018 എന്ന ചിത്രത്തിന് ശേഷം ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയായതിനാൽ ‘തുടക്കം’ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്.


















































