കൊച്ചി: മലയാള സിനിമയിലെ ഒരു പ്രമുഖ നടനും ഭാര്യയും ചേർന്ന് തനിക്കെതിരെ പണമെടുത്ത് പി.ആർ പ്രചാരണം നടത്തുകയാണെന്ന് ആരോപിച്ച് നടൻ ജോജു ജോർജ്. ഇൻസ്റ്റഗ്രാമിൽ നടത്തിയ ലൈവിലൂടെയാണ് ജോജു ഇക്കാര്യം പറഞ്ഞത്.
മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങൾ പണമെടുത്ത് പി.ആർ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ ആരെയും പേരെടുത്ത് പരാമർശിച്ചില്ല.
തന്റെ പുതിയ ചിത്രമായ ‘വരവ്’ റിലീസ് ചെയ്തതിന് പിന്നാലെ സിനിമയ്‌ക്കെതിരെ ആസൂത്രിതമായ നെഗറ്റീവ് പ്രചാരണം നടക്കുകയാണെന്നും ജോജു പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ സിനിമയെ ബാധിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ജോജുവിന്റെ ആരോപണം സിനിമാ ലോകത്ത് ചർച്ചയായിരിക്കുകയാണ്. അദ്ദേഹം പരാമർശിച്ചത് ആരെയാണെന്നത് സംബന്ധിച്ച് സമൂഹമാധ്യമങ്ങളിലും സിനിമാ വൃത്തങ്ങളിലും വിവിധ തരത്തിലുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. എന്നാൽ ഇതുസംബന്ധിച്ച് ജോജു കൂടുതൽ വിശദീകരണങ്ങൾ നൽകിയിട്ടില്ല.
ഷാജി കൈലാസ് സംവിധാനം ചെയ്ത ‘വരവ്’ എന്ന ചിത്രത്തിൽ ഹൈറേഞ്ച് സ്വദേശിയായ പോൾസൺ എന്ന കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്. എ.കെ. സാജനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജൂലൈ 16ന് റിലീസ് ചെയ്ത ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.


















































