വാഷിംഗ്ടൺ: ഇറാനെതിരായ സൈനിക നടപടികൾക്കായി അമേരിക്ക ഇതുവരെ 37.5 ബില്യൺ ഡോളർ ചെലവഴിച്ചെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്. സെനറ്റിലെ ഫണ്ട് അനുവദിക്കൽ സമിതിക്ക് മുന്നിൽ ഹാജരായപ്പോഴാണ് അദ്ദേഹം ഈ കണക്ക് അവതരിപ്പിച്ചത്. മെയ് മാസത്തിന് ശേഷം മാത്രം എട്ട് ബില്യൺ ഡോളറിലധികം അധികമായി ചെലവായതായും അദ്ദേഹം വ്യക്തമാക്കി.
ആവശ്യമായ അധിക ധനസഹായം ഉടൻ അനുവദിക്കാത്തപക്ഷം സൈനിക പരിശീലനമുൾപ്പെടെയുള്ള വിവിധ പ്രതിരോധ പ്രവർത്തനങ്ങൾ വെട്ടിക്കുറയ്ക്കേണ്ട സാഹചര്യം ഉണ്ടാകുമെന്ന് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി. എന്നാൽ കൂടുതൽ ഫണ്ട് അനുവദിക്കണമെന്ന പ്രതിരോധ വകുപ്പിന്റെ ആവശ്യത്തോട് ഭൂരിഭാഗം ഡെമോക്രാറ്റിക് അംഗങ്ങളും എതിർപ്പ് പ്രകടിപ്പിച്ചു. ചില റിപ്പബ്ലിക്കൻ സെനറ്റർമാരും ചെലവിന്റെ വ്യാപ്തിയിൽ ആശങ്ക പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.
ഇതിനിടെ, അമേരിക്കയുമായി ചർച്ചയ്ക്ക് ഇറാൻ താൽപര്യം പ്രകടിപ്പിക്കുന്നതായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെട്ടു. അതേസമയം, ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട പ്രധാന കേന്ദ്രങ്ങൾക്കെതിരെ ശക്തമായ ആക്രമണം നടത്താൻ അമേരിക്ക തയ്യാറാണെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷം ശമിപ്പിക്കുന്നതിന്റെ ഭാഗമായി 10 ദിവസത്തെ വെടിനിർത്തൽ നിർദേശത്തെ അടിസ്ഥാനമാക്കി അമേരിക്കയും ഇറാനും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കാൻ പാകിസ്ഥാൻ മധ്യസ്ഥ ശ്രമങ്ങൾ തുടരുകയാണെന്നും റിപ്പോർട്ടുകളുണ്ട്.


















































