കോഴിക്കോട്: പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് സിപിഎം മുതിർന്ന നേതാവ് പാലൊളി മുഹമ്മദ് കുട്ടി. പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ അഭിപ്രായം ഉയർന്നിരുന്നുവെന്നും, ആ ഘട്ടത്തിൽ തന്നെ തീരുമാനം തിരുത്തേണ്ടതായിരുന്നുവെന്നും പാലൊളി വ്യക്തമാക്കി.
രക്തസാക്ഷി ഫണ്ട് തിരിമറി ആരോപണം ഉയർന്നയാളെ സ്ഥാനാർഥിയാക്കിയതും പാർട്ടിയുടെ പിഴവായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ കാര്യങ്ങളിലെല്ലാം പാർട്ടിക്ക് തെറ്റ് പറ്റി” എന്നായിരുന്നു പാലൊളിയുടെ വിലയിരുത്തൽ. പാർട്ടിക്കെതിരെ വിമതരായി മത്സരിച്ച ടി.കെ. ഗോവിന്ദനെയും കുഞ്ഞികൃഷ്ണനെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. പാർട്ടിക്കുള്ളിൽ തിരുത്തൽ ശക്തിയാകുന്നതിന് പകരം യു.ഡി.എഫിന്റെ പിന്തുണയോടെ മത്സരിച്ച് എം.എൽ.എമാരായെന്നും, അവരെ “പരനാറികൾ” എന്നാണ് പാലൊളി വിശേഷിപ്പിച്ചത്.
മുതിർന്ന സിപിഎം നേതാവ് ജി. സുധാകരനെതിരെയും പാലൊളി വിമർശനമുന്നയിച്ചു. സുധാകരൻ ധിക്കാരിയാണെന്നും, തന്നേക്കാൾ നാലിരട്ടി പ്രായമുള്ള സഖാക്കളോട് അദ്ദേഹം പെരുമാറിയ രീതി കണ്ടപ്പോൾ താൻ അത്ഭുതപ്പെട്ടിട്ടുണ്ടെന്നും പാലൊളി മുഹമ്മദ് കുട്ടി പറഞ്ഞു.

















































